കൊച്ചിയിൽ ഒന്നരവയസുകാരിയുടെ മരണം; മുത്തശ്ശിയുടെ കാമുകൻ പിടിയിൽ
എറണാകുളം: കൊച്ചിയിലെ ഹോട്ടലിൽ മുറിയിൽ വച്ച് ഒന്നരവയസുകാരി നോറ മരിയ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ മുത്തശ്ശിയുടെ കാമുകൻ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ മുത്തശ്ശിയുടെ കാമുകൻ പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടൽ മുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കുഞ്ഞിനെ കൊലപെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.
അങ്കമാലി സ്വദേശികളായ സജീവ്-ഡിക്‌സി ദമ്പതികളുടെ മകളാണ് നോറ മരിയ. ശനിയാഴ്‌ചയാണ് സജീവന്‍റെ അമ്മയും ജോൺ ബിനോയ് ഡിക്രൂസും രണ്ട് കുഞ്ഞുങ്ങളുമായി കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. ദമ്പതികളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് റൂം വാങ്ങിയതെന്നും ഇരുവരും തമ്മിൽ പ്രായവ്യത്യാസം തോന്നിയിരുന്നില്ലയെന്നും ഹോട്ടൽ ജീവനക്കാർ പറയുന്നു.

തിങ്കളാഴ്‌ച പുലർച്ചെയാണ് കുഞ്ഞു ഛർദിച്ച് അവശയായെന്ന് പറഞ്ഞ് സ്‌ത്രീ റിസപ്‌ഷനിലേക്ക് എത്തിയത്. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിനെ പരിശോധിച്ച ഡോക്‌ടർമാർക്ക് സംശയം തോന്നുകയും തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. സ്‌ത്രീയുടേയും യുവാവിന്‍റെയും മൊഴിയിൽ സംശയം തോന്നിയ പാെലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
ജോൺ ബിനോയ് ഡിക്രൂസിനെ ചോദ്യം ചെയ്‌തതിനെ തുടർന്നാണ് സത്യം പുറത്തുവന്നത്. കുഞ്ഞിന്‍റെ പിതൃത്വം സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. എന്നാൽ താൻ പുറത്തു പോയ സമയത്താണ് യുവാവ് കൊലപാതകം നടത്തിയതെന്നാണ് സ്‌ത്രീ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തതെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സത്യം പുറത്തുവരികയായിരുന്നു. ശ്വാസകോശത്തിൽ വെള്ളം കയറിയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തുടർന്ന് ബുധനാഴ്‌ച രാവിലെ 11 മണിയോടെ പൊലീസും ഫോറൻസിക് വിദഗ്‌ധരും ഹോട്ടൽ മുറിയിലെത്തി പരിശോധന നടത്തി. കേസിലെ പ്രതികളെയും പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.
കുഞ്ഞിന്‍റെ അമ്മ ഡിക്‌സി വിദേശത്താണ്. അപകടത്തിൽ പരിക്കേറ്റ സജീവൻ ഒരു വർഷത്തോളമായി ചികിത്സയിൽ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് രണ്ട് കുഞ്ഞുങ്ങളെ പരിചരിക്കാൻ സജീവൻ അമ്മയെ ഏൽപ്പിച്ചത്. രണ്ടാമത്തെ കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുക്കാൻ എറണാകുളം ശിശുക്ഷേമ സമിതി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്‌കാരം ഇന്നു തന്നെ കൊച്ചിയിലുള്ള പള്ളിയിൽ നടക്കും.












Click it and Unblock the Notifications