കൊച്ചി നാവികസേന ആസ്ഥാനത്ത് ഹെലികോപ്ടര്‍ അപകടം, ഒരു മരണം
എറണാകുളം: കൊച്ചി നാവികസേന ആസ്ഥാനത്ത് ഹെലികോപ്ടര്‍ അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തെ ഐ എന്‍ എസ് ഗരുഡയിലെ റണ്‍വേയിലാണ് അപകടമുണ്ടായത് എന്നാണ് വിവരം. റണ്‍വേയില്‍ വെച്ച് ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടുകയായിരുന്നു. പരിശീലന പറക്കലിനിടെ ആയിരുന്നു സംഭവം. ചേതക് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
റണ്‍വേയില്‍ ഉണ്ടായിരുന്ന നാവികസേന ഉദ്യോഗസ്ഥനാണ് മരിച്ചത്. അപകടസമയത്ത് ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എങ്കിലും ഇവര്‍ സുരക്ഷിതരാണ് എന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം. സാങ്കേതിക തകരറാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. നാവികസേനയുടെ ഔദ്യോഗിക വിശദീകരണം അല്‍പ സമയത്തിനുള്ളിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ടുപേരെയും നേവിയുടെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തെ തുടര്‍ന്ന് കൊച്ചി ഹാര്‍ബര്‍ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. നാവികസേനയിലെ ഏറ്റവും പഴക്കമേറിയ 'ചേതക്' ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചിയിലെ ആദ്യ വിമാനത്താവളവും നാവികസേനയുടെ ഏറ്റവും പഴയ എയര്‍സ്റ്റേഷനുമാണ് ഐ എന്‍ എസ് ഗരുഡ












Click it and Unblock the Notifications