യൂബറും ഒലയും മാത്രമല്ല; വരുന്നു കേരളത്തിൽ ഓൺലൈൻ വാട്ടർ ടാക്സിയും, ജല ഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സികൾക്ക് ജൂൺ മാസത്തോടെ കൊച്ചിയിൽ തുടക്കമാകും
കൊച്ചി: നിരത്തുകളിൽ ഓടുന്ന ഊബർ, ഒല ഓൺലൈൻ ടാക്സികൾ പോലെ ഫോണിൽ വിളിച്ചു ബുക്ക് ചെയ്തു യാത്ര ചെയ്യാവുന്ന ജല ഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സികൾക്ക് ജൂൺ മാസത്തോടെ കൊച്ചിയിൽ തുടക്കമാകും. ജലഗതാഗത വകുപ്പു നിർമിക്കുന്ന നാല് വാട്ടർ ടാക്സികളിൽ രണ്ടെണ്ണത്തിന്റെ നിർമാണം ഈ മാസത്തോടെ പൂർത്തിയാകും. എറണാകുളം, ആലപ്പുഴ ബോട്ട് ജെട്ടികൾ കേന്ദ്രീകരിച്ചു വാട്ടർ ടാക്സി സർവീസിന് ലഭ്യമാക്കും.
50 ലക്ഷം രൂപയാണ് ഒരു വാട്ടർടാക്സിയുടെ നിർമാണച്ചെലവ്. പത്തു യാത്രക്കാർക്കു സഞ്ചരിക്കാവുന്ന ഔട്ട്ബോർഡ് ബോട്ട് മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ വേഗത്തിൽ (മണിക്കൂറിൽ 27 കിലോ മീറ്റർ) സഞ്ചരിക്കും. 200 കുതിരശക്തിയാണ് എൻജിൻ ശേഷി. ആധുനിക രീതിയിലുള്ള കറ്റാമറൈൻ ബോട്ടുകളാണിവ.

ആലപ്പുഴ ജില്ലയിലെ പാണാവള്ളി നവഗതി ഷിപ്പ് ബിൽഡിങ് ഇൻഡസ്ട്രിയിൽ യാർഡാണ് നിർമാതാക്കൾ. ബോട്ടുകളുടെ ഹൾ(ചട്ടക്കൂട്) നിർമാണം മാർച്ചിൽ പൂർത്തിയായിരുന്നു. മറ്റു നിർമാണ പ്രവർത്തനങ്ങളും ട്രയൽ റണ്ണും പൂർത്തിയാക്കി ജൂൺ ആദ്യവാരം വാട്ടർ ടാക്സികൾ നീറ്റിലിറക്കാൻ സാധിക്കുമെന്നാണു ജലഗതാഗത വകുപ്പിന്റെ പ്രതീക്ഷ.
കേരളത്തിൽ വാട്ടര്‍ ടാക്സികള്‍ക്ക് സർവീസ് തുടങ്ങാൻ മാസങ്ങൾ മുമ്പേ കേന്ദ്ര ഷിപ്പിംഗ് രജിസ്ട്രാറുടെ അനുമതി ലഭിച്ചിരുന്നു. വാട്ടര്‍ടാക്സിയുടെ സാങ്കേതികവിദ്യ, നടത്തിപ്പു തുടങ്ങിയ കാര്യങ്ങള്‍ നിശ്ചയിക്കാന്‍ വിവിധ വകുപ്പുകളിലെ വിദഗ്ധര്‍ അടങ്ങിയ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇവർ നിശ്ചയിക്കുന്ന നിരക്കുകൾക്ക് അനുസൃതമായിട്ടാകും നിരക്ക് ഈടാക്കുക.
കായലുകളും പുഴകളും നിറഞ്ഞ എറണാകുളം, ആലപ്പുഴ ജില്ലകളിലെ ജനങ്ങൾക്ക് വാട്ടർ ടാക്സികൾ മുതൽകൂട്ടാകും. വാട്ടർ ടാക്സിക്കായി നൽകുന്ന ഫോൺ നമ്പറില്‍ വിളിച്ചാല്‍ ഏറ്റവുമടുത്ത കടവിൽ വാട്ടര്‍ ടാക്സിയെത്തുമെന്ന പ്രത്യേകതയുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകൾക്ക് കാത്തുനിൽക്കാതെ വാട്ടർ ടാക്സി പിടിച്ച് ആവശ്യമുള്ള സ്ഥലത്തേക്കു പോകാൻ സാധിക്കും.
ഉദാഹരണത്തിന് വരാപ്പുഴയിൽ നിന്നും പെട്ടെന്ന് എറണാകുളം ബോട്ട് ജെട്ടിയിലെത്താൻ വാട്ടർടാക്സി വിളിക്കാം. കായലോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വാട്ടര്‍ ടാക്സി സര്‍വിസ് ലഭ്യമാകും. രാത്രികാലങ്ങളിലുള്‍പ്പെടെ കരയിലെത്താന്‍ കായല്‍ നിവാസികള്‍ക്ക് എളുപ്പത്തില്‍ സാധിക്കുമെന്നതും സൗകര്യപ്രദമാണ്. 2014ൽ മറൈൻ ഡ്രൈവിൽ നിന്നും കെടിഡിസി തുടങ്ങിയ വാട്ടർ ടാക്സികൾ ഇപ്പോൾ നിലവിലില്ല. ഇതിന്റെ നടത്തിപ്പു പിന്നീടു മുസരിസിന് കൈമാറുകയായിരുന്നു.












Click it and Unblock the Notifications