ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ: ചിലവന്നൂര്‍ കായലിലെ എക്കല്‍ നീക്കം പുരോഗമിക്കുന്നു
എറണാകുളം: കേരളത്തിൽ മൺസൂൺ തുടങ്ങാനിരിക്കെ കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് നീക്കുന്നതിനുള്ള രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിലവന്നൂര്‍ കായലിലെ എക്കല്‍ നീക്കമാണ് ഇപ്പോൾ അതിവേഗം പുരോഗമിക്കുന്നത്. ചിലവന്നൂർ ബണ്ട്റോഡ് പാലത്തിനടിയിലെ തടസങ്ങളും അമ്പനാട്ടുചിറ, പണ്ടാരച്ചിറ, ഭാഗങ്ങളിലെ എക്കല്‍ നീക്കവും ഇതോടൊപ്പം നടന്നുവരുന്നുണ്ട്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടമാണ് ബ്രേക്ക് ത്രൂ പദ്ധതി നടപ്പിലാക്കുന്നത്.
ചിലവന്നൂര്‍ കായലിലേക്ക് പ്രവേശിക്കുന്ന കാരണക്കോടം റെയില്‍നഗര്‍ തോട്, പുഞ്ചത്തോട് എന്നിവയിലെ ജലം അമ്പനാട്ട് ചിറ, ബണ്ട് റോഡ് പാലം എന്നീ പ്രദേശങ്ങളിലൂടെ വേമ്പനാട്ട് കായലിലേക്ക് പതിക്കും. വേമ്പനാട്ട് കായലിലെ പ്രവേശന കവാടത്തിലെ തടസങ്ങളും പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്യുന്നുണ്ട്. നഗരത്തിലെ പ്രധാന തോടുകളെ കേന്ദ്രീകരിച്ചാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നത്.

കേരളത്തിൽ മഴക്കാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതി നിയമബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിൽ ബ്രേക്ക് ത്രൂ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്.
കഴിഞ്ഞ വർഷം മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ കൊച്ചി വെള്ളക്കെട്ടിൽ മുങ്ങിയിരുന്നു. ഇതോടെ മഴക്കാലത്തിന് മുമ്പേ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കൊറോണ വൈറസ് വ്യാപനം മൂലമുള്ള നിയന്ത്രങ്ങളാണ് പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായത്. 20 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി ജില്ലാ ഭരണകൂടം വകയിരുത്തിയിട്ടുള്ളത്. നേരത്തെ കോയിത്തറ കനാലിൽ നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന വസ്തുക്കളൊക്കെ പദ്ധതിയുടെ ഭാഗമായി നീക്കിയിരുന്നു.












Click it and Unblock the Notifications