മോന് ജയിക്കും ഞാന്‍ ഭഗവതീടെ ആളാ...'', വാരസ്യാരുടെ ആശീർവാദം ഹൃദയപൂർവം സ്വീകരിച്ച് രാജീവ്
കൊച്ചി: മതങ്ങളെയും ദൈവങ്ങളെയുമൊന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നാണ് ചട്ടം. പക്ഷേ, വിശ്വാസികളായ വോട്ടർമാർക്ക് അതു ബാധകമല്ല. അതാണ് പനമ്പുകാട് അണ്ടിക്കണ്ടത്തില് ഭഗവതിക്ഷേത്രത്തിലെ ജീവനക്കാരി സരസ്വതി വാരസ്യാരുടെ വാക്കുകളിൽ തെളിഞ്ഞു നിന്നത്. ""മോന് ജയിക്കും ഞാന്‍ ഭഗവതീടെ ആളാ...'', വാരസ്യാരുടെ ആശീർവാദം രാജീവ് ഹൃദയപൂർവം സ്വീകരിക്കുകയും ചെയ്തു.
മുളവുകാടിന്റെ സ്നേഹാദരങ്ങളേറ്റുവാങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. രാജീവിന്റെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നലെ രാവിലെ വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നാരംഭിച്ചു. ബോള്‍ഗാട്ടി ജംഗ്ഷനില്‍ ചുമട്ടുതൊഴിലാളികളുടെ സ്വീകരണത്തോടെ ആരംഭിച്ച മണ്ഡല പര്യടനത്തിനിടയില്‍ രക്തസാക്ഷിയായ പോള്‍സന്റെ വീട് സന്ദര്‍ശിച്ചു. പി. രാജീവിനെ രക്തസാക്ഷി പോള്‍സന്റെ മാതാവ് പൗളി നിറകണ്ണുകളോടെയാണ് അനുഗ്രഹിച്ചത്. പൊന്നാരിമംഗലം സ്റ്റെല്ലാ മേരീസ് ആശ്രമ സന്ദര്‍ശനത്തിനിടയില്‍ ആശ്രമ വളപ്പിലെ കൃഷിയിടത്തിലും പി. രാജീവ് എത്തി.

മത്സ്യ കൃഷിയെയും മറ്റ് കാര്‍ഷിക വിളകളെയും അതിന്റെ വിപണന രീതികളെയും കുറിച്ച് ഫാ. അഗസ്റ്റിനോടും സംഘത്തോടും സംസാരിച്ചു. തുടര്‍ന്ന് പൊന്നാരിമംഗലം ഭുവനേശ്വരി ക്ഷേത്ര ഭാരവാഹികളെ സന്ദര്‍ശിച്ചു. തികഞ്ഞ സന്തോഷത്തോടെയാണ് സ്ഥാനാര്‍ഥിയെ ക്ഷേത്രം ഭാരവാഹികള്‍ വരവേറ്റത്. പ്രളയകാലത്ത് നാടിനാശ്രയമായ മുളവുകാട് സെന്റ് ആന്റണീസ് കുരിശിങ്കല്‍ പള്ളി, സെന്റ് ആനീസ് കോണ്‍വന്റ്, കാരുണ്യ മാതാ പള്ളി, ഹോളി നേറ്റിവിറ്റി ആശ്രമം, അയ്യപ്പന്‍കാവ് ക്ഷേത്രം, വട്ടേക്കാട് ക്ഷേത്രം, ഖണ്ഡാകര്ണ ക്ഷേത്രം, കേരളേശ്വര പുരം മഹാദേവ ക്ഷേത്രം, ചേപ്പില് ഭഗവതി ക്ഷേത്രം, വിവേകാനന്ദ ചന്ദ്രിക സഭ, ശക്തിധര സഹായ സംഘം, രാമന്‍കുട്ടിയച്ചന്‍ സ്മാരക മന്ദിരം, വല്ലാര്‍പാടം ബസലിക്ക പള്ളി, പനമ്പുകാട് സെന്റ് ജോസഫ് ചര്‍ച്ച് എന്നിവിടങ്ങളും രാജീവ് സന്ദര്‍ശിച്ചു.
പൊന്നാരിമംഗലം ഹോളിനേറ്റിവിറ്റി ആശ്രമത്തിലെ അന്തേവാസികള്‍ക്കും കന്യാസ്ത്രീകള്‍ക്കുമൊപ്പം കുറച്ചു നേരം ചെലവഴിച്ച രാജീവ് 88 വയസുള്ള വെറോണ ചേടത്തിയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന സ്നേഹ വാത്സല്യങ്ങള്‍ വലിയ വിജയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് പി. രാജീവ്. മണ്ഡല പര്യടനത്തിനിടെ മുളവുകാട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധവായുവും ശുദ്ധജലവും ഉള്‍പ്പെടെ മെട്രൊ നഗരം ഉള്‍പ്പെടുന്ന എറണാകുളം മണ്ഡലം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.
ഒരു വ്യക്തിക്ക് പെട്ടെന്ന് പരിഹാരം കാണാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്ന നിലയിലും അല്ലാതെയും കഴിഞ്ഞ കുറേ കാലങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തിനതീതമായി ആഴത്തിലുള്ള ബന്ധമാണ് മണ്ഡലത്തിലെ ജനങ്ങളുമായുള്ളത്. ഒരു മണ്ഡലവും ആരുടെയും കുത്തകയാണെന്ന് വിശ്വസിക്കുന്നില്ല. ജനങ്ങളുടെ വിശ്വാസം നേടുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. അതില്‍ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
അവരിലൊരാള്‍ എന്ന പ്രതീതിയാണ് ജനങ്ങള്‍ക്കിടയിലുള്ളത്. മണ്ഡലത്തിന്റെ പ്രശ്നങ്ങള്‍ക്ക് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സമഗ്ര പരിഹാരത്തിന് ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമേഖലയെ ചൂഷണ വിമുക്തമാക്കുന്നതില്‍ കേരളത്തിന് മാതൃക കാട്ടിയ ആലുവ ജില്ലാ ആശുപത്രിയിലെ റീജണല്‍ ഡയാലിസിസ് സെന്ററില്‍ ലോക വൃക്ക ദിനമായ ഇന്നലെ ഒരുക്കിയ കൂട്ടായ്മയില്‍ സ്നേഹോഷ്മള സാന്നിധ്യമായി എറണാകുളം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി. രാജീവ്. ഓണവും പെരുന്നാളും ക്രിസ്മസുമൊക്കെ രോഗികള്‍ക്കും ഡയാലിസിസ് സെന്ററിലെ ജീവനക്കാര്‍ക്കുമൊപ്പം ആഘോഷിക്കാന്‍ എത്താറുള്ള രാജീവ് ലോക വൃക്ക ദിനത്തില്‍ തങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനെത്തുമ്പോള് ലോകസഭാ സ്ഥാനാര്‍ഥി എന്ന നിലയിലുള്ള വലിയ പ്രതീക്ഷകളാണ് ജീവനക്കരും രോഗികളും പങ്കുവെച്ചത്.
രാജ്യസഭാംഗമായിരിക്കെ പി. രാജീവിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള 25 ലക്ഷം രൂപ ഉപയോഗിച്ച് തുടക്കമിട്ട റീജണല്‍ ഡയാലിസിസ് സെന്റര്‍ ഇന്ന് ഒരു നന്മമരം പോലെ തണല്‍വിരിച്ചു നില്‍ക്കുകയാണ്. ഡയാലിസിസ് സെന്ററിലെ രോഗികളെ പേരെടുത്തു പറഞ്ഞ് സുഖവിവരങ്ങളാരാഞ്ഞും ഡോക്റ്റര്‍മാരോടും ജീവനക്കാരോടും പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞും പി രാജീവ് അവരുടെ ഹൃദയം തൊട്ടപ്പോള്‍ ഈറനണിഞ്ഞ കണ്ണുകളോടെയാണ് രോഗികള്‍ അദ്ദേഹത്തോട് സംസാരിച്ചത്.
റീജനല്‍ ഡയാലിസിസ് സെന്ററിന്റെ വികസനത്തുടര്ച്ചയായി വൃക്ക മാറ്റിവെക്കലിനുള്ള സൗകര്യമൊരുക്കാന്‍ ശ്രമിക്കുമെന്ന് രാജീവ് പറഞ്ഞു. മരുന്നുകള്‍ പരമാവധി വിലകുറച്ചു നല്‍കുന്നതിനും ഊന്നല്‍ നല്‍കും. കേരളത്തില്‍ ചികിത്സാ രംഗത്ത് ചാര്‍ജ് വര്‍ധിക്കാത്തത് ഡയാലിസിസ് മേഖലയില്‍ മാത്രമാണെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications