പിസി ജോര്‍ജ് ഹൈക്കോടതിയിലേക്ക്; അറസ്റ്റ് ചെയ്യാതെ പോലീസ്... പുതിയ നാടകം എന്ന് സതീശന്‍
കൊച്ചി: വെണ്ണല ക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗ കേസില്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം നല്‍കാതിരുന്ന പശ്ചാത്തലത്തില്‍ പിസി ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്ച ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു. കൊച്ചിയിലെ കേസില്‍ പിസി ജോര്‍ജിന്റെ അറസ്റ്റ് തിടുക്കത്തിലുണ്ടാകില്ലെന്ന് കമ്മീഷണര്‍ എസ്എച്ച് നാഗരാജു അറിയിച്ചു.
തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിസി ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ പോലീസ് അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജിയില്‍ കോടതി വിധി വന്ന ശേഷമാകും കൊച്ചിയിലെ കേസില്‍ അറസ്റ്റിലേക്ക് കടക്കുക എന്ന് കമ്മീഷണര്‍ വ്യക്തമാക്കി. വെണ്ണല ക്ഷേത്രത്തിലെ കേസില്‍ പിസി ജോര്‍ജിനെതിരെ വ്യക്തമായ തെളിവുണ്ട്. അന്വേഷണം പൂര്‍ത്തിയാകുകയും ചെയ്തുവെന്നും കമ്മീഷണര്‍ സൂചിപ്പിച്ചു.

പിസി ജോര്‍ജിനെ നേരത്തെ അറസ്റ്റ് ചെയ്തത് ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. കേസില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യറായിട്ടില്ല. വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ഒരു അറസ്റ്റ് നാടകം കൂടി ഒരുക്കാനുള്ള തിരക്കഥയുടെ ഭാഗമാണ് പുതിയ നടപടികള്‍. ആദ്യ കേസില്‍ കൃത്യമായ സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയില്ല. പ്രോസിക്യൂട്ടര്‍ ഹാജരായില്ല. പ്രതിയെ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
പിസി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ അറസ്റ്റിന് തടസമില്ല. എന്നാല്‍ പോലീസ് ഇനിയും കാത്തിരിക്കുകയാണ്. പ്രോസിക്യൂഷന്റെയും പിസി ജോര്‍ജിന്റെയും പ്രതികരണം കേട്ട ശേഷമാണ് എണറാകുളം സെഷന്‍സ് കോടതി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. തനിക്കെതിരെ നടന്നത് രാഷ്ട്രീയ നീക്കമാണ് നടക്കുന്നത് എന്നായിരുന്നു പിസി ജോര്‍ജിന്റെ വാദം. തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
പോലീസിന് വേണമെങ്കില്‍ ഇനി പിസി ജോര്‍ജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താം. അല്ലെങ്കില്‍ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്താം. അറസ്റ്റ് തിടുക്കത്തിലുണ്ടാകില്ലെന്ന് പോലീസ് അറിയിച്ച സാഹചര്യത്തില്‍ പിസി ജോര്‍ജിന് ആശ്വാസമാണ്. ഹൈക്കോടതി എന്തു തീരുമാനം എടുക്കുമെന്നതുംകൂടി പരിശോധിച്ച ശേഷമാകും ഇനി പോലീസ് നടപടി. തിരുവനന്തപുരത്തെ കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെങ്കിലും കോടതി ജോര്‍ജിന് ജാമ്യം നല്‍കിയിരുന്നു.












Click it and Unblock the Notifications