മറിഞ്ഞുവീണത് ബാങ്കിന്റെ ചില്ലുവാതിലിലേക്ക്: ചില്ല് തുളഞ്ഞു കയറി വീട്ടമ്മ തൽക്ഷണം മരിച്ചു!!
കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിലെ ചില്ലുവാതിൽ തകർന്നുവീണ് വീട്ടമ്മ മരിച്ചു. ചേലക്കാട്ട് വീട്ടിൽ ബീന നോബിയാണ് മരിച്ചത്. ബാങ്കിനുള്ളിലേക്ക് കയറിയ ബീന ഇരു ചക്രത്തിൽ മറന്നുവെച്ച താക്കോൽ എടുക്കാൻ തിരക്കിട്ട് പുറത്തേക്കിറങ്ങുമ്പോൾ ചില്ലുവാതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. തട്ടിവീണ ബീനയുടെ വയറിലേക്ക് ചില്ലുകഷ്ണം കുത്തിക്കയറിയതോടെ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
വീണ സ്ഥലത്തുനിന്ന് ബീന എഴുന്നേറ്റെങ്കിരുന്നു. ബാങ്ക് ജീവനക്കാർ ഇവരെ ആശുപത്രിയിലേക്ക് എത്തിയ്ക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. പെരുമ്പാവൂർ ബാങ്ക് ഓഫ് ബറോഡയിലാണ് സംഭവം നടന്നത്.
Recommended Video


ബാങ്ക് ജീവനക്കാർ വിവരമറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. മരിച്ച ബീനയുടെ മൃതദേഹം നിലവിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലാണുള്ളത്. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഭർത്താവിനൊപ്പം ഇലക്ട്രിക്കൽ സ്ഥാപനം നടത്തിവരികയായിരുന്ന ബീന മൂന്ന് മക്കളുടെ അമ്മയാണ്. നോബിയാണ് ഭർത്താവ്. അഖില, ജിസ്മോൻ, ജെയ്മോൻ എന്നിവർ മക്കളാണ്.












Click it and Unblock the Notifications