ആ വിചാരമുണ്ടെങ്കില്‍ മനസ്സില്‍ വെച്ചാല്‍ മതി; ഇതൊക്കെ എങ്ങനെ ന്യായീകരിക്കും: മേയർക്കെതിരെ എംഎല്‍എ

ബ്രഹ്മപുരം വിഷയത്തില്‍ പ്രതിഷേധിച്ച കൊച്ചി കോർപ്പറേഷനിലെ കോണ്‍ഗ്രസ് അംഗങ്ങളെ പൊലീസ് നേരിട്ട രീതിക്കെതിരെ രൂക്ഷ വിമർശനവുമായി ടിജെ വിനോദ് എംഎല്‍എ. ജനാധിപത്യ കേരളം കണ്ട നിരവധി പ്രഗൽഭരായ വ്യക്തിത്വങ്ങൾ അലങ്കരിച്ചിരുന്ന ആരാധ്യനായ കൊച്ചി മേയർ എന്ന പദവിയുടെ അന്തസ് കളഞ്ഞു കുളിക്കുന്നതായി ഇന്നലെ കോർപറേഷനിൽ നടന്ന സംഭവങ്ങളെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. കൊച്ചി കോർപറേഷനിൽ പ്രതിപക്ഷ അംഗങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരല്ല എന്ന രീതിയിൽ വല്ല തോന്നലും കൊച്ചി മേയർക്ക് ഉണ്ടെങ്കിൽ അത് അങ്ങ് മനസ്സിൽ മാത്രം വെച്ചാൽ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എം എല്‍ എയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കൊച്ചി നഗരം ഇന്നേ വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത രീതിയിലുള്ള അതീവ ഗുരുതരമായ പ്രശ്നങ്ങളാണ് ഇപ്പോൾ നാം അഭിമുഖികരിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനിർമിതമായ ദുരന്തങ്ങൾ ഒരു ഭാഗത്ത്, അതിനെതിരെ ജനാധിപത്യ മാർഗത്തിൽ പ്രതിഷേധിക്കാൻ ശ്രമിച്ച ജനപ്രതിനിധികളെ പോലിസിനെ ഉപയോഗിച്ച് കിരാതമായ രീതിയിൽ അടിച്ചമർത്തി "ജനാധിപത്യത്തിന്റെ ആരാച്ചാരായ" മേയർ മറുവശത്ത്.
ജനാധിപത്യ കേരളം കണ്ട നിരവധി പ്രഗൽഭരായ വ്യക്തിത്വങ്ങൾ അലങ്കരിച്ചിരുന്ന ആരാധ്യനായ കൊച്ചി മേയർ എന്ന പദവിയുടെ അന്തസ് കളഞ്ഞു കുളിക്കുന്നതായി ഇന്നലെ കോർപറേഷനിൽ നടന്ന സംഭവങ്ങൾ. ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷകനായിരിക്കേണ്ട മഹനീയമായ ആ സ്ഥാനത്തിന് കളങ്കം വരുത്തുന്ന രീതിയിൽ ഒരു ഏകാധിപതിയെ പോലെ ജനാധിപത്യ മൂല്യങ്ങളുടെ ധ്വംസനം നടത്തി മേയർ ചെയ്ത പ്രവൃത്തികൾ അത്യന്തം പ്രതിഷേധകരമാണ്.

കൊച്ചി കോർപറേഷനിൽ പ്രതിപക്ഷ അംഗങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരല്ല എന്ന രീതിയിൽ വല്ല തോന്നലും കൊച്ചി മേയർക്ക് ഉണ്ടെങ്കിൽ അത് അങ്ങ് മനസ്സിൽ മാത്രം വെച്ചാൽ മതി. ഇന്നലെ എന്ത് ന്യായത്തിന്റെ പേരിലാണ് പ്രതിപക്ഷ അംഗങ്ങളെ കൗൺസിലിൽ പങ്കെടുപ്പിക്കാതിരുന്നത്...? ഇതെന്താ ബ്രിട്ടീഷ് രാജ് ആണോ കൊച്ചിയിൽ ഒരു ഭാഗത്ത് ശുദ്ധ വായു ശ്വസിക്കാൻ പോലും ജനങ്ങൾക്ക് അവകാശമില്ലാത്ത അവസ്‌ഥ, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കൗൺസിലിൽ പങ്കെടുക്കാൻ പോലും അനുവദിക്കാതെ പോലീസ് സഹായത്തോടെ കൗൺസിലർമാരെ തല്ലി ചതച്ചതിനു എന്ത് ന്യായീകരണമാനുള്ളത്...? വനിതാ കൗൺസിലർമാരെ പോലും കയ്യേറ്റം ചെയ്തത് പുരുഷ പോലീസെന്നത് അത്യന്ത്യം ഗുരുതരമാണ്.
പദ്മദാസ് എന്ന ഒരു കൗൺസിലർ ഉണ്ട്, അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്‌ഥ മേയർ കാണണം. ഒരു സഹപ്രവർത്തകനാണ് എന്നുള്ളത് മറക്കരുത്. ഇനി അയാൾക്ക് പണ്ടത്തെ പോലെ നടക്കാനാവുമോ, സ്റ്റീൽ റോട് ഇടണം കാലിൽ. പദ്മദാസ് എന്ത് തെറ്റാണു ചെയ്തത്. ഒരു തീവ്രവാദിയെ നേരിടുന്നത് പോലെയാണ് പോലീസ് അദ്ദേഹത്തെ ആക്രമിച്ചത്, അദ്ദേഹം വന്നത് മേയറെ ആക്രമിക്കാനല്ല, കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ. വനിതാ കൗൺസിലർമാരെ പുരുഷ പോലീസ് തല്ലി ചതച്ചതിനെ എതിർത്ത പദ്മദാസിനെ, അവരെ സംരക്ഷിക്കാൻ ശ്രമിച്ച പദ്മദാസിനെ പോലീസ് മൃഗീയമായി നേരിട്ടു, ലാത്തിയും ബൂട്ടും ഉപയോഗിച്ച് ചവിട്ടി കൂട്ടി. എങ്ങനെ ന്യായികരിക്കും മേയർ..???
കൗൺസിലർ ടിബിൻ ദേവസ്സിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. ഇതിനു മുൻപും പ്രതിപക്ഷവും ഭരണപക്ഷവുമൊക്കെ തമ്മിൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇന്നലെ കോർപറേഷനിൽ നടന്നത് വളരെ മോശമായി പോയി. ടിബിൻ ദേവസ്സിയുടെ തല തല്ലി പൊട്ടിക്കുന്നത് ലാത്തി ഉപയോഗിച്ചാണ്. എന്ത് അധികാരത്തിലാണ് പോലീസ് ഒരു വ്യക്തിയുടെ തലയ്ക്ക് നേരെ ലാത്തി വീശുന്നത്. അദ്ദേഹത്തിന്റെ ജീവന് വിലയില്ലേ...? ഒരു ജനപ്രതിനിധിയാണ് ടിബിൻ, ടിബിന്റെ വീട്ടിലെ പ്രശ്‌നം സംബന്ധിച്ച പരാതി നൽകാനോ മേയറെ കാണാനോ അല്ല അയാൾ അവിടെ വന്നത്. ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ പ്രതിനിധീകരിച്ച് അവരുടെ വിഷയങ്ങൾ അവതരിപ്പിക്കാൻ ആണ് അയാളെത്തിയത്. ഭരണപക്ഷ അംഗങ്ങളെ പോലെ തന്നെ അദ്ദേഹവും തിരഞ്ഞെടുപ്പിൽ വിജയിച്ചു തന്നെ ആണ് കൗൺസിലിൽ എത്തിയത്. ഇങ്ങനെ തല്ലി തകർക്കാൻ ഇത്ര മാത്രം ക്രമസമാധാനം തകർന്നു എന്നൊരു ന്യായം പറയാനാവുമോ പൊലീസിന്..??
കൗൺസിലർ സീന ഗോകുലന്റെ കൈ പിടിച്ചു തിരിച്ചു തകർത്തിരിക്കുകയാണ്. എന്ത് ന്യായമാണ് അങ്ങേക്ക് പറയാനുള്ളത്. ഒരു സ്ത്രീയാണവർ. ഒരു ഭാഗത്ത് ശുദ്ധ വായു ശ്വസിക്കാനോ വീട്ടിലെ വാതിലുകൾ തുറന്നിടാനോ പോലും സ്വാതന്ത്ര്യമില്ലാത്ത ഒരു ജനത, അവരുടെ വിഷയങ്ങൾ കൗൺസിലിൽ അവതരിപ്പിക്കാൻ വന്ന ജനപ്രതിനിധികളെ തല്ലി തകർക്കുന്ന മേയറും പോലീസും.
അഭിലാഷ് തോപ്പിൽ, ബാസ്റ്റിൻ ബാബു, ആന്റണി കുര്യത്തറ, മാലിനി കുറുപ്പ്, ഹെൻറി ഓസ്റ്റിൻ, ബെൻസി ബെന്നി, ആന്റണി പൈനുത്തറ, കെ.എ.മനാഫ്, അരിസ്റ്റോട്ടിൽ, മിന്നാ വിവേര, അഞ്ജന ടീച്ചർ, രജനി മണി, മനു ജേക്കബ്, സുജ ലോനപ്പൻ, സക്കീർ തമ്മനം, വി.കെ മിനിമോൾ, മിനി ദിലീപ്, ജീജ ടെൻസെൻ, ലൈല ദാസ്, ഷൈല തദേവൂസ്, സോണി ജോസഫ്, മേഴ്‌സി ടീച്ചർ, ദീപ്തി മേരി വർഗീസ്, ശാന്ത വിജയൻ ഉൾപ്പടെയുള്ള കോൺസിലർമാരൊക്കെ പോലീസ് മർദ്ദനത്തിന് വിധേയരായി.
ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട് എന്നുകൂടെ മേയറും പോലീസുമൊക്കെ മനസിലാക്കുന്നത് ഉചിതമാണ്. 25 വർഷക്കാലം ഒരു കൗൺസിൽ അംഗം ആയിരുന്ന വ്യക്തി എന്ന നിലയിൽ ഇന്നലെ നടന്ന സംഭവവികാസങ്ങളിൽ ഞാൻ ലജ്ജിച്ചു തലതാഴ്ത്തുന്നു. ജനാധിപത്യ രീതിയിൽ അങ്ങേക്ക് ലഭിച്ചിട്ടുള്ള അധികാരങ്ങളും ഉത്തരവാദിത്തങ്ങളും ജനനന്മയ്ക്കായി നിർവഹിക്കാനാവാത്ത സ്ഥിതിയാണ് എങ്കിൽ അങ്ങ് രാജി വെച്ചൊഴിയുന്നതാണ് കൊച്ചി നഗരത്തിനു അഭികാമ്യം.












Click it and Unblock the Notifications