എല്ലാ വാര്‍ഡുകളിലും ക്യാമറകള്‍ സ്ഥാപിക്കാന്‍ പോലീസ്, കളമശ്ശേരിയില്‍ കൗണ്‍സിലര്‍മാര്‍ രണ്ട് തട്ടില്‍
കൊച്ചി: കളമശ്ശേരി പഞ്ചായത്തില്‍ സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാര്‍ രണ്ട് തട്ടില്‍. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിടികൂടുന്നതിനായി നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനായി സ്ഥലവും പോസ്റ്റുകളും കൗണ്‍സിലര്‍മാരും പോലീസും സംയുക്തമായി പരിശോധന നടത്തി തീരുമാനിച്ചെങ്കിലും പദ്ധതിക്ക് പണം വകയിരുത്തുന്നതിനായി കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വന്നപ്പോഴാണ് ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്. പദ്ധതി വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. എന്നാല്‍ മറുവിഭാഗം ഇതിനെ ശക്തമായി എതിര്‍ക്കുന്നു.

അതേസമയം തങ്ങളുടെ വാര്‍ഡുകളില്‍ ക്യാമറകള്‍ വേണ്ടെന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സുബൈര്‍, ബിജെപി കൗണ്‍സിലര്‍ പ്രമോദ് തൃക്കാക്കരയും അറിയിച്ചു. ക്യാമറകള്‍ സ്ഥാപിച്ച മുന്‍കാല അനുഭവങ്ങള്‍ ലക്ഷ്യത്തിലെത്താതെ പോയതാണ് കൗണ്‍സിലര്‍മാരില്‍ പദ്ധതിയോടുള്ള താല്‍പര്യം കുറയുന്നതിന് കാരണമായത്.
ക്യാമറകള്‍ സ്ഥാപിച്ചാല്‍ മാത്രം പോര, അവ കാര്യകക്ഷമായി പ്രവര്‍ത്തിപ്പിക്കണമെന്ന് മറ്റ് ചില കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 42 വാര്‍ഡുകളിലും ക്യാമറകള്‍ സ്ഥാപിക്കുന്നതിന് 84 ലക്ഷം രൂപയോളം വേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നഗരസഭയുടെ തനതുഫണ്ടും, സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ഈ തുക കണ്ടെത്തണമെന്നാണ് ശുപാര്‍ശ.
ആറ് വര്‍ഷം മുമ്പ് 12 ലക്ഷത്തോളം രൂപ ചെലവിട്ടിട്ടുണ്ട്. പത്ത് ക്യാമറകള്‍ വാങ്ങിയിരുന്നു. ഇത് ഏറെ നാളുകള്‍ നഗരസഭാ ഓഫീസില്‍ സൂക്ഷിച്ചു. പിന്നീട് പലയിടത്തായി സ്ഥാപിച്ചു. ഒന്നും പ്രവര്‍ത്തിപ്പിച്ചില്ല. ഈ ക്യാമറകളെ സംബന്ധിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ല. ദേശീയപാതയില്‍ സ്‌പോണ്‍സര്‍ഷിപ്പോടെ കളമശ്ശേരി മെട്രോ സ്‌റ്റേഷനില്‍ നിന്ന് ചാക്കോളാസ് വരെ പോലീസ് അന്‍പതിലേറെ പോസ്റ്റുകള്‍ സ്ഥാപിച്ച് ക്യാമറകള്‍ ഘടിപ്പിച്ചിരുന്നു. രണ്ട് ലക്ഷത്തോളം രൂപ ചെലവിട്ട് വാങ്ങിയ മറ്റൊരു ക്യാമറയ്ക്കും അധികം ആയുസ്സുണ്ടായിരുന്നിരുന്നില്ല.












Click it and Unblock the Notifications