യാത്രക്കാരെ മർദ്ദിച്ച സംഭവം; ജീവനക്കാരുമായി വൈറ്റില ജംങ്ഷനിൽ തെളിവെടുപ്പ്
കൊച്ചി: യാത്രക്കാരെ മർദ്ദിച്ച കേസിൽ കസ്റ്റഡിയിൽ വിട്ടു കിട്ടിയ കല്ലട ബസിന്റെ ജീവനക്കാരുമായി വൈറ്റില ജംക്ഷനിൽ പൊലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ തൃക്കാക്കര അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണർ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലാണു പ്രതികളെ കൊണ്ടുവന്നത്. കഴിഞ്ഞ 21നു പുലർച്ചെ വൈറ്റില ജംക്ഷനിലെ കല്ലട ട്രാവൽസിന്റെ ഓഫിസ് സമീപത്ത് ബസ് നിർത്തിയിട്ട ശേഷമാണ് പ്രതികളുൾ യാത്രക്കാരെ മർദ്ദിച്ചത്.
ബസ് നിർത്തിയിട്ട സ്ഥലം പൊലീസിന് പ്രതികൾ കാണിച്ചു കൊടുത്തു. ബസിനകത്തും പുറത്തുമായിട്ടായിരുന്നു ആക്രമണം. യാത്രക്കാർക്ക് റോഡിൽ മർദ്ദനമേറ്റ ഭാഗത്തു കൊണ്ടുവന്നും തെളിവെടുപ്പു നടത്തി. ബസിന്റെ ഡ്രൈവർമാരായ കുമാർ, അൻവറുദ്ദീൻ, കല്ലട ട്രാവൽസ് ഓഫിസ് ജീവനക്കാരായ ജിതിൻ, ജയേഷ്, വിഷ്ണു, രാജേഷ്, ഗിരിലാൽ എന്നിവരുമായിട്ടായിരുന്നു തെളിവെടുപ്പ്.

അക്രമി സംഘത്തിൽ 12 പേരുണ്ടായിരുന്നുവെന്നാണു മർദ്ദനമേറ്റ മൂന്നു യാത്രക്കാരുടെയും മൊഴി. എന്നാൽ കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിൽ ഇതേപ്പറ്റി പ്രതികളിൽ നിന്നും സൂചന ലഭിച്ചില്ല. തങ്ങൾ ഏഴു പേർ മാത്രമാണു സംഘത്തിലുണ്ടായിരുന്നതെന്നാണ് ഇവരുടെ മൊഴി. പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും അക്രമി സംഘത്തിൽ കൂടുതൽ ആൾക്കാർ ഉൾപ്പെട്ടതിനു തെളിവില്ല.
കല്ലട ട്രാവൽസിന്റെ ഉടമ സുരേഷ് കല്ലടയ്ക്ക് ആക്രമണവുമായി ബന്ധമുണ്ടെന്നതിന് ഇതുവരെ തെളിവുകൾ കിട്ടിയിട്ടില്ലെങ്കിലും ക്ലീൻ ചിറ്റ് നൽകാറായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സ്റ്റുവർട്ട് കീലർ അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്യൽ തുടരുകയാണ്. ആക്രമണത്തിനും മുൻപോ, പിൻപോ പ്രതികൾ സുരേഷിനെ വിളിച്ചിരുന്നോ എന്നു തിരിച്ചറിയാനാണു ശ്രമം. യാത്രക്കാരിൽ നിന്നും കവർന്ന ലാപ്ടോപ്പും കണ്ടെത്തേണ്ടതുണ്ട്. പ്രതികളെ നാലു ദിവസത്തേക്കാണു കസ്റ്റഡിയിൽ വിട്ടത്.












Click it and Unblock the Notifications