ദിവസവും ഒരു എക്സൈസ് ഡിവിഷനിൽ 250 ഗ്രാം കഞ്ചാവ് പിടിക്കണം; പുതിയ നിർദേശവുമായി ഋഷിരാജ് സിങ്
കൊച്ചി: എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങിന്റെ "സുഗ്രീവാജ്ഞ' നടപ്പാക്കാൻ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ നെട്ടോട്ടത്തിൽ. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാരുടെ മാസം തോറുമുള്ള അവലോകന യോഗത്തിൽ കമ്മിഷണർ നൽകിയ നിർദ്ദേശമാണ് ഉദ്യോഗസ്ഥരെ വെട്ടിലാക്കിയത്. സംസ്ഥാനത്തെ എല്ലാ എക്സൈസ് ഡിവിഷനുകളിലും എല്ലാ ദിവസവും ഏറ്റവും കുറഞ്ഞതു 250 ഗ്രാം കഞ്ചാവ് പിടികൂടണമെന്നാണു ഋഷിരാജ് സിങ് യോഗത്തിൽ നൽകിയ കർശന നിർദ്ദേശം.
ആന്ധ്രപ്രദേശ്, ഒഡിഷ, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള കഞ്ചാവിന്റെ വരവു കുതിച്ചുയർന്നിട്ടും ഇതിന് അനുസൃതമായി കഞ്ചാവ് വേട്ട നടക്കാത്തതാണു കമ്മിഷണറെ ഇങ്ങനെയൊരു ഉത്തരവിന് പ്രേരിപ്പിച്ചത്. കിലോ കണക്കിനു കഞ്ചാവാണ് ഈ സംസ്ഥാനങ്ങളിൽ നിന്നു ട്രെയ്നുകളിലും സ്വകാര്യ വാഹനങ്ങളിലും അന്തർ സംസ്ഥാന ട്രാൻസ്പോർട്ട് ബസുകളിലും കേരളത്തിലേക്ക് ഒഴുകുന്നത്. അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചു തലച്ചുമടായും എത്തുന്നു. എന്നാൽ പിടിക്കപ്പെടുന്നതു നാമമാത്രമായ അളവു മാത്രം.

ഇക്കൊല്ലം ജനുവരിയിൽ സംസ്ഥാനത്ത് ആകെ പിടികൂടിയതു166.117 കിലോ കഞ്ചാവ്. ഏറ്റവും കൂടുതൽ പാലക്കാട് ജില്ലയിൽ: 52.42 കിലോ. 32.3 കിലോയുമായി വയനാട് രണ്ടാം സ്ഥാനത്താണ്. ലഹരിമരുന്നു വിതരണത്തിന്റെ പറുദീസയായ എറണാകുളം ജില്ലയാണു മൂന്നാമത്:15.857. മലപ്പുറത്ത് 15.285 കിലോയും തിരുവനന്തപുരത്ത് 12.015 കിലോയും പിടികൂടി. ബാക്കി ജില്ലകളിൽ 10 കിലോയ്ക്കു താഴെ. ഫെബ്രുവരിയിൽ സംസ്ഥാനത്ത് എക്സൈസ് പിടികൂടിയതു 172.971 കിലോ കഞ്ചാവാണ്.
കമ്മിഷണറുടെ പുതിയ നിർദ്ദേശം നടപ്പാക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ നിരത്തിലിറങ്ങിയാൽ ചിത്രം മാറും. റെയ്ൽവേ സ്റ്റേഷനുകൾ, അതിർത്തി ചെക്ക് പോസ്റ്റുകൾ, അന്തർ സംസ്ഥാന വാഹനങ്ങൾ എന്നിവ കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കിയാൽ കൂടുതൽ കഞ്ചാവ് പിടികൂടാൻ സാധിക്കും. അതിനാലാണു ദിവസം കുറഞ്ഞതു 250 ഗ്രാം കഞ്ചാവ് എങ്കിലും പിടിച്ചിരിക്കണമെന്നു കമ്മിഷണർ ആവശ്യപ്പെട്ടത്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിനു നിർദ്ദേശം നൽകി. കഞ്ചാവ് കടത്തുകാരെ പിടികൂടാൻ എക്സൈസിന് പല മാർഗങ്ങളുണ്ട്. രഹസ്യ വിവര ശേഖരണത്തിനു പുറമേ, കഞ്ചാവ് സംഘങ്ങളിൽ പെട്ട ചാരൻമാരുടെ (ഇൻഫോർമർമാർ) സഹായം തേടുന്നതും പതിവാണ്. ഇതിനു പകരമായി ഇൻഫോർമാർക്ക് പ്രതിഫലം നൽകാൻ ഫണ്ടും എക്സൈസിനുണ്ട്.
എന്നാൽ, തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കു തുടക്കമായതോടെ കഞ്ചാവ് വേട്ട കുറയുന്ന ചിത്രമാണ്. പൊലീസ് പരിശോധന ശക്തമായതാണു കാരണം. എറണാകുളം സിറ്റിയിൽ പൊലീസ് നടത്തുന്ന ഓപ്പറേഷൻ കിങ് കോബ്രയ്ക്ക് തുടക്കമായതോടെ മയക്കുമരുന്നു വിതരണക്കാർ ജാഗ്രതയിലാണ്. കൊച്ചി നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങൾ കേന്ദ്രീകരിച്ചു പരിശോധന ശക്തം. ഇതോടെ കഞ്ചാവും മറ്റു ലഹരിസാധനങ്ങളുടേയും ഒളിച്ചു കടത്തു കുറഞ്ഞു. എക്സൈസിന്റെ കഞ്ചാവ് വേട്ടയെ ഇതു പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു കാലത്തെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി എക്സൈസിന്റെ പരിശോധനയും തുടങ്ങിയിട്ടുണ്ട്. ട്രെയ്നുകളിലും പരിശോധന ശക്തം. അതിനാൽ കമ്മിഷണറുടെ നിർദ്ദേശം നടപ്പാക്കാനുള്ള 250 ഗ്രാം കഞ്ചാവ് എങ്ങനെ ഒപ്പിക്കുമെന്നറിയാതെ വലയുകയാണ് എക്സൈസ് ഉദ്യോഗസ്ഥർ.












Click it and Unblock the Notifications