ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡിന്റെ നിർമാണത്തിൽ വൻ ക്രമക്കേടെന്ന് ആരോപണം; ടാർ ചെയ്ത് ഒരാഴ്ച പോലുമാകാത്ത റോഡിന്റെ ഗ്രാവൽ ഇളകി മാറി; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
കോതമംഗലം: ലക്ഷങ്ങൾ ചെലവിട്ട് അറ്റകുറ്റപ്പണികൾ നടത്തിയ ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡിന്റെ നിർമാണത്തിൽ വൻ ക്രമക്കേടെന്ന് ആരോപണം. ടാർ ചെയ്ത് ഒരാഴ്ച പോലുമാകാത്ത റോഡിന്റെ ഗ്രാവൽ ഇളകി മാറി. നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. കോതമംഗലത്ത് ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് രണ്ട് വർഷം പിന്നിട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പ്രക്ഷോഭത്തിനൊടുവിലാണ് നാല് കിലോമീറ്റർ അറ്റകുറ്റപ്പണികൾക്ക് പൊതുമരാമത്ത് വകുപ്പ് തയ്യാറായത്.
മല കയറാൻ തന്നെയാണ് തീരുമാനം; മലകയറുന്നത് വിശ്വാസത്തിന്റെ പേരിൽ തന്നെ, രേഷ്മ നിഷാന്ത് വൺഇന്ത്യയോട്...
70 ലക്ഷം രൂപയാണ് റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ചിട്ടുള്ളത്. ടാറിംഗ് ജോലികൾ കഴിഞ്ഞ് ഒരാഴ്ചയാകുന്നതിന് മുമ്പ് തന്നെ പല ഭാഗത്തും ഗ്രാവൽ ഇളകി മറിയിരിക്കുകയാണ്. ആവശ്യത്തിന് ടാർ ഉപയോഗിക്കാത്തതിനാൽ കൈ കൊണ്ട് പോലും ഗ്രാവൽ ഇളക്കി മാറ്റാവുന്ന സ്ഥിതിയിലാണ്. മാത്രമല്ല, കുണ്ടും കുഴിയും കൂടുതലുള്ള മിക്ക സ്ഥലത്തും അറ്റകുറ്റപ്പണികൾ നടത്താതെയാണ് കരാറുകാരൻ സ്ഥലം വിട്ടിരിക്കുന്നത്.

നാല് കിലോമീറ്റർ റോഡ് റബറൈസ്ഡ് എന്ന നിലയിലാണ് ലക്ഷങ്ങൾ ചിലവാക്കിയത് എന്നും, എന്നാൽ ഗുണനിലവാരമില്ലാത്ത മെറ്റീരിയൽ ഉപയോഗിച്ചാണ് പണി ചെയ്തതെന്നും നാട്ടുകാർ പറയുന്നു. ആനയടക്കം വന്യമൃഗങ്ങളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ ജനതയാണ് വടാട്ടുപാറ നിവാസികൾ . രാത്രി കാലങ്ങളിൽ വന്യമൃഗങ്ങൾ റോഡിൽ വിഹരിക്കുന്നതും സാധാരണമാണ്. നിരവധി പ്രാവശ്യം വാഹനത്തിന് കുറുകെ ച്ചാടി വന്യമൃഗങ്ങൾ അപകട മുണ്ടാക്കിയിട്ടുണ്ട്.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ അഞ്ച് വാർഡുകൾ അടങ്ങിയ വടാട്ടുപാറയിൽ പതിനായിരത്തോളം പേർക്ക് പ്രയോജനപ്പെടുന്ന ഏക സഞ്ചാരമാർഗമാണ് ഗുണനിലവാരമില്ലാത്ത ടാറിംഗ് നടത്തി കുളമാക്കിയിരിക്കുന്നത്. ടാറിംഗിലെ അപാകതയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.












Click it and Unblock the Notifications