എതിര്‍പ്പുകള്‍ ശക്തം; കാര്യമാക്കാതെ പോലീസ്, നവകേരള സദസ്സിനായി സ്‌കൂള്‍ മതില്‍ പൊളിക്കും
കൊച്ചി: എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും സ്‌കൂള്‍ മതില്‍ പൊളിക്കണമെന്ന് പോലീസ്. നവകേരള സദസ്സിനായിട്ടാണ് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പടിഞ്ഞാറ് വശത്തെ മതില്‍ പൊളിക്കാന്‍ ഒരുങ്ങുന്നത്. പ്രവേശന കവാടം ഒരുക്കാന്‍ ഈ മതില്‍ പൊളിക്കേണ്ടി വരും. അതുകൊണ്ട് ഈ ആഴ്ച്ച തന്നെ അക്കാര്യം ചെയ്യാനാണ് പോലീസ് തീരുമാനം.
സ്‌കൂളിലെ മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഡിസംബര്‍ ഏഴിനാണ് നവ കേരള സദസ്സ് നടക്കുന്നത്. വൈകീട്ട് നാല് മുതല്‍ എട്ട് വരെയാണ് പരിപാടി നടക്കുന്നത്. സ്ഥലം സന്ദര്‍ശിച്ച റൂറല്‍ എസ്പി സുരക്ഷയുടെ ഭാഗമായി മതില്‍ പൊളിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇക്കാര്യം സംഘാടക സമിതി ഭാരവാഹികളും സ്ഥിരീകരിച്ചു.

സ്‌കൂള്‍ മൈതാനിയില്‍ എത്തിയ കളക്ടറും എഡിജിപിയും മതില്‍ പൊളിച്ച് പ്രവേശനകവാടം ഒരുക്കണമെന്നും, പരിപാടി കഴിഞ്ഞാല്‍ അത് വീണ്ടും നിര്‍മിച്ച് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്നും നഗരസഭ പ്രതിപക്ഷ നേതാവ് ടിവി നിഥിന്‍ പറഞ്ഞു. അതേസമയം മതില്‍ പൊളിക്കുന്ന കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
നഗരസഭ കൗണ്‍സിലും, കോണ്‍ഗ്രസും, യൂത്ത് കോണ്‍ഗ്രസും മതില്‍ പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. കൗണ്‍സിലിന്റെ അനുമതിയില്ലാതെ മതില്‍ പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് നഗരസഭാധ്യക്ഷ തന്നെ തഹസില്‍ദാര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. മതില്‍ പൊളിക്കുന്നത് തടയുമെന്നാണ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രഖ്യാപനം.
പരിപാടിക്കായി 25000 ചതുരശ്രയടിയുള്ള പന്തലാണ് നിര്‍മിക്കുന്നത്. വേദിക്ക് 60 നീളവും മുപ്പത് അടി വീതിയുമുണ്ടാകും. പരാതികള്‍ സ്വീകരിക്കാനായി ഇരുപത് കൗണ്ടറുകളും സജ്ജീകരിക്കും. 15000 പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടക സമിതിയുടെ കണക്കുകൂട്ടല്‍.












Click it and Unblock the Notifications