ചെല്ലാനത്ത് കടൽക്ഷോഭം തുടരുന്നു; ശക്തമായ കാറ്റില്‍ മത്സ്യബന്ധന വള്ളങ്ങള്‍ ഒഴുകി പോയി; നൂറോളം വീടുകള്‍ വെള്ളത്തില്‍
പള്ളുരുത്തി: ചെല്ലാനം തീരമേഖലയില്‍ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. നൂറിലേറെ വീടുകള്‍ വെള്ളത്തിലായി. ജനജീവിതം ദുസ്സഹമാക്കുന്ന രീതിയില്‍ കടല്‍ക്കയറ്റവും ശക്തമായ കാറ്റും തുടരുകയാണ്. ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ ചെല്ലാനം ഹാര്‍ബറില്‍ കെട്ടിയിട്ടിരുന്ന മല്‍സ്യബന്ധന വള്ളങ്ങള്‍ ഒഴുകി പോയി. പിന്നീട് മല്‍സ്യതൊഴിലാളികള്‍ തന്നെ ഇവ കരയിലടുപ്പിച്ചു. പലവീടുകളിലേക്കും കയറാനാകാത്ത അവസ്ഥയാണ്. ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ നശിഞ്ഞ നിലയിലാണ്.
കടല്‍ക്ഷോഭം ശക്തമായ മേഖലയില്‍ റവന്യൂ സംഘം സന്ദര്‍ശിച്ചു. ചെല്ലാനം സെന്‍റ് മേരീസ് സ്ക്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ടെങ്കിലും നാട്ടുകാര്‍ ഇങ്ങോട്ട് മാറുവാന്‍ തയ്യാറായിട്ടില്ല. രാത്രി കടല്‍ക്കയറ്റം രൂക്ഷമായാല്‍ ആളുകളെ ഇങ്ങോട്ട് മാറ്റി താമസിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് റവന്യൂ അധികൃതര്‍. കമ്പിനിപ്പടി, ബസ്സാർ, വേളാങ്കണ്ണി ,ഗണപതിക്കാട് പ്രദേശങ്ങളിലാണ് നിരവധി വീടുകളില്‍ വെള്ളം കയറിയത്. കടൽകയറ്റം തടയുന്നതിനായി ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ് സ്ഥാപിച്ച ജിയോ ട്യൂബുകളെല്ലാം കടൽക്ഷോഭത്തിൽ ഒലിച്ചുപോയി.

ശനിയാഴ്ച രാവിലെയാണ് നേരിയ തോതിൽ തീരത്ത് കടൽകയറി തുടങ്ങിയത്. ഉച്ചയോടു കൂടി രൂക്ഷമായി വെള്ളം ഇരച്ചുകയറുകയായിരുന്നു. കടൽ കവിഞ്ഞു വരുന്ന വെള്ളം ഒഴുകിപോകുന്ന വിജയംകനാലിൽ കടൽമണ്ണ് വീണ് നിറഞ്ഞതും കടൽക്ഷോഭം രൂക്ഷമാകാൻ കാരണമായതായി നാട്ടുകാർ പറഞ്ഞു. ഒഴുക്കുചാലിൽ നിന്നും മുൻ കാലങ്ങളിൽ നാട്ടുകാർ തന്നെ മണൽ മാറ്റി ആഴം വർദ്ധിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ മണൽ നീക്കം ചെയ്യുന്നതിന് നിയന്ത്രണം വന്നതോടെ മണൽ നീക്കൽ ജോലികൾ തടസ്സപ്പെട്ടതായും
നാട്ടുകാർ ആരോപിച്ചു.
വരും ദിവസങ്ങളിലും കടൽകയറ്റം വർദ്ധിക്കാനാണ് സാധ്യത. അതേസമയം മറുവക്കാട്, കമ്പനി പടി എന്നിവടങ്ങളില്‍ കനാലുകളും തോടുകളും ആഴം കൂട്ടിയെങ്കിലും മണല്‍നീക്കം നടക്കാത്തതിനാല്‍ ഇത് ഫലം കണ്ടില്ല. മണല്‍ നീക്കം കാര്യക്ഷമമാക്കണമെന്നും ഇത് സംബന്ധിച്ച കൂലി വ്യവസ്ഥയില്‍ പ്രാദേശിക വാസികളേയും ചുമതലപ്പെടുത്തണമെന്ന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി ആവശ്യപ്പെട്ടു.












Click it and Unblock the Notifications