കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ പരാമര്‍ശം; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കൊച്ചി: മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആലുവയില്‍ സമരം നടത്തിയവര്‍ക്കെതിരെ തീവ്രവാദപരാമര്‍ശം നടത്തിയ സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐ ആര്‍. വിനോദ്, ഗ്രേഡ് എസ്.ഐ രാജേഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പരാതിയിലാണ് നടപടി. ഡിഐജി ആണ് സസ്‌പെന്‍ഡ് ചെയ്തത്.
അറസ്റ്റിലായ അല്‍ അമീന്‍, അനസ്, നജീബ് എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് തീവ്രവാദികള്‍ എന്ന് പരാമര്‍ശിച്ചത്. ആരോപണം കോടതി തള്ളി ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നു. പൊലീസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലീസിന്റെ പരാമര്‍ശം ഗൂഡലക്ഷ്യത്തോടെയാണെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തില്‍ അന്വേഷണത്തിനും സാധ്യതയുണ്ട്.

പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഷാഫി പറമ്പില്‍ അടക്കമുള്ള നേതാക്കളാണ് പ്രതികരിച്ചത്. ഭരണകൂട വീഴ്ച്ചകളെ ചോദ്യം ചെയ്യുന്നവര്‍ മുഴുവന്‍ തീവ്രവാദികളാണെന്ന് പറയുന്നവര്‍ കേന്ദ്രത്തിലായാലും കേരളത്തിലായാലും ഓര്‍ക്കേണ്ട കാര്യം സ്റ്റേറ്റും രാജ്യവും എന്ന് പറയുന്നത് ഭരണാധികാരികളല്ലെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ത്രീവ്രവാദ ബന്ധം മുദ്ര കുത്തി വായടപ്പിക്കാന്ന് കേരള പോലീസ് വ്യാമോഹിക്കേണ്ട ഷാഫി വ്യക്തമാക്കിയിരുന്നു. ഷാഫി പറമ്പലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം.

യോഗി പോലീസ് കോടതിയില്‍ കൊടുത്ത റിമാന്‍ഡ് റിപ്പോര്‍ട്ട് അല്ല . പിണറായി പോലീസ് കൊടുത്തതാണ് . മോഫിയ പര്‍വീണിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടോ എന്ന് സംശയമുള്ളത് കൊണ്ട് ജാമ്യം കൊടുക്കരുതെന്ന്.
പിണറായി യോഗിക്കും ഷായ്ക്കും പഠിക്കരുതെന്ന് നമ്മള്‍ പറയാറുണ്ട് . ഇനി കൂടുതലൊന്നും പഠിക്കാനുണ്ടെന്ന് കരുതുന്നില്ല.

മോഫിയയുടെ ദാരുണമായ മരണത്തിന് കാരണക്കാരില്‍ ഒരാളായ പോലീസ് ഉദ്ദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് അന്‍വര്‍ സാദത്ത് എംഎല്‍എ , ബെന്നി ബെഹനാന്‍ എംപി , ടിജെ വിനോദ് , റോജി എം ജോണ്‍ , എല്‍ദോസ് കുന്നപ്പള്ളി , മുഹമ്മദ് ഷിയാസ് തുടങ്ങി വര്‍ഷങ്ങളായി പൊതു പ്രവര്‍ത്തന രംഗത്ത് നില്‍ക്കുന്നവരുടെ നേതൃത്വത്തില്‍ നടന്ന ഒരു സമരവുമായി ബന്ധപ്പെട്ട അറസ്റ്റിനെയാണ് തീവ്രവാദ ബന്ധത്തിലേക്ക് വലിച്ചഴക്കാന്‍ പോലീസ് ശ്രമിക്കുന്നത്.

ഭരണകൂട വീഴ്ച്ചകളെ ചോദ്യം ചെയ്യുന്നവര്‍ മുഴുവന്‍ തീവ്രവാദികളാണെന്ന് പറയുന്നവര്‍ കേന്ദ്രത്തിലായാലും കേരളത്തിലായാലും ഓര്‍ക്കേണ്ട കാര്യം സ്റ്റേറ്റും രാജ്യവും എന്ന് പറയുന്നത് ഭരണാധികാരികളല്ല . ജനതയാണ് രാജ്യം . ഈ റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിയ ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം. ഇനിയും സമരം ചെയ്യേണ്ടി വന്നാല്‍ ചെയ്യും . ത്രീവ്രവാദ ബന്ധം മുദ്ര കുത്തി വായടപ്പിക്കാന്ന് കേരള പോലീസ് വ്യാമോഹിക്കേണ്ട- ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയും രംഗത്തെത്തിയിരുന്നു. കേരളം ഭരിക്കുന്നത് സംഘി സര്‍ക്കാരാണെന്നാണ് റിജില്‍ പറഞ്ഞത്. ആലുവയില്‍ നീതിക്ക് വേണ്ടി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ്സ്‌കാര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പറയുന്ന പിണറായിയുടെ പോലീസ് തലശ്ശേരിയില്‍ മുസ്ലീംപള്ളി പൊളിക്കാന്‍ പരസ്യമായി ആക്രോശിച്ച സംഘപരിവാര്‍ തീവ്രവാദികളുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുമോ?

അതിനുള്ള നട്ടെല്ല് പിണറായി സര്‍ക്കാരിനുണ്ടോ? എവിടെ സംഘികളുടെ മാനസപുത്രനല്ലേ പിണറായി. മതം നോക്കി തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ ഉത്തരവിടന്ന പിണറായിയുടെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അല്ല ചുവപ്പണിഞ്ഞ സംഘി സര്‍ക്കാര്‍ ആണ്. യോഗിയും പിണറായിയും ഇരട്ടപ്പെറ്റ സഹോദരങ്ങളാണെനന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications