എറണാകുളത്ത് മൂന്ന് പേർക്ക് കൊറോണ വൈറസ്: രോഗബാധിതർ വിദേശത്ത് നിന്നെത്തിയവർ!!
കൊച്ചി: എറണാകുളം ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. മെയ് 17ലെ അബുദാബി- കൊച്ചി വിമാനത്തിലെത്തിയ രണ്ട് പേരുൾപ്പെടെ ആകെ 3 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മെയ് 17ലെ അബുദാബി- - കൊച്ചി ഫ്ലൈറ്റിൽ തിരിച്ചെത്തിയ 56 വയസ്സുകാരനായ കീഴ്മാട് സ്വദേശിക്കും, 35 വയസ്സുള്ള ചെങ്ങമനാട് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യം കൊവിഡ് കെയർ സെന്ററിലും, പിന്നീട് വീട്ടിലുമായി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇവർക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ വിമാനത്തിലെത്തിയ പലർക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവരുടെ സ്രവം പരിശോധനയ്ക്കായി അയച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരെയും കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മെയ് 28ന് സലാല- കണ്ണൂർ വിമാനത്തിലെത്തിയ 34 വയസ്സുള്ള ആലങ്ങാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്നു തന്നെ കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും, സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇദ്ദേഹം കണ്ണൂരാണ് ചികിത്സയിലുള്ളത്.

ഇന്ന് 879 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 551 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 9378 ആണ്. ഇതിൽ 8450 പേർ വീടുകളിലും, 579 പേർ കൊവിഡ് കെയർ സെന്ററുകളിലും, 349 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 7 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ നാല് പേരെയും സ്വകാര്യ ആശുപത്രികളിൽ മൂന്ന് പേരെയുമാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.
വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 12 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ് വന്നിരുന്ന എട്ട് പേരും സ്വകാര്യ ആശുപത്രിയിൽ നിന്ന് നാലുപേരുമാണ് വീടുകളിലേക്ക് മടങ്ങിയത്. ജില്ലയിൽ വിവിധ ആശുപത്രികളിലായി 88 പേരാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 34 ആണ്.












Click it and Unblock the Notifications