പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച് യുഡിഎഫ്; തൃക്കാക്കരയില്‍ കോട്ട കാക്കാതെ രക്ഷയില്ല
കൊച്ചി: തൃക്കാക്കരയില്‍ പരസ്യ പ്രചാരണം അവസാനിച്ചതോടെ യുഡിഎഫ് ക്യാമ്പ് വിലയിരുത്തല്‍ ആരംഭിച്ചിട്ടുണ്ട്. വിജയം ഉറപ്പാണെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍, എത്ര ഭൂരിപക്ഷം എന്ന കാര്യത്തില്‍ ഉറപ്പ് പറയാനാവുന്നില്ല. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ഏറ്റവും കുറഞ്ഞത് കിട്ടുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. 25000 വോട്ടിന്റെ ഭൂരിപക്ഷമായി വരെ ഇത് ഉയര്‍ന്നേക്കാം. ഉമ തോമസ് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. അതേസമയം തൃക്കാക്കരയില്‍ തോറ്റാല്‍ രാഷ്ട്രീയമായ അന്ത്യം കോണ്‍ഗ്രസിന് സംഭവിച്ചേക്കും. സംസ്ഥാനത്തെ സഖ്യ സമവാക്യങ്ങള്‍ പോലും അതിലൂടെ മാറിയേക്കും. ഇത് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്.

അതേസമയം സിപിഎം കടുത്ത ആത്മവിശ്വാസത്തിലാണ്. താഴേ തട്ടില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രതീക്ഷ നല്‍കുന്നത്. അയ്യായിരത്തിനും എട്ടായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷം ജോ ജോസഫിന് ലഭിക്കുമെന്നാണ് സിപിഎം ഘടകങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ അന്തിമ റിപ്പോര്‍ട്ട്. ജോ ജോസഫിന്റെ ജനകീയ ക്ലിക്കായെന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ്. എന്നാല്‍ കലാശക്കൊട്ടിലെ പ്രവര്‍ത്തക പങ്കാളിത്തം കൂടി കണ്ടതോടെ വിചാരിക്കാത്ത രീതിയിലുള്ളവിജയം തൃക്കാക്കരയില്‍ ഉണ്ടാവുമെന്നാണ് യുഡിഎഫ് കരുതുന്നത്. ഡിസിസി നേതൃത്വം അന്തിമ വിലയിരുത്തല്‍ നടത്തി കെപിസിസിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പതിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷം ഉമ തോമസിന് ഉണ്ടാവുമെന്നാണ് പറയുന്നത്.
അതേസമയം സ്ത്രീ വോട്ടര്‍മാരില്‍ അടക്കം സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഉമയ്ക്ക് നേടാനായ സ്വാധീനം തരംഗമായി മാറിയേക്കാമെന്ന സൂചന എഐസിസി നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ടിലുണ്ട്. ബെന്നി ബെഹനാന്‍ നേടിയ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിലെ റെക്കോര്‍ഡാണ്. 2011ലാണ് ഈ നേട്ടമുണ്ടായത്. ഇത് ഉമ തോമസ് മറികടന്നേക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. സമീപകാലത്തൊന്നും കോണ്‍ഗ്രസ് ഒരു തെരഞ്ഞെടുപ്പ് പ്രചാരണവും ഇത്ര ശക്തമായി നടത്തിയിട്ടില്ല. സ്വന്തം വോട്ടുബാങ്ക് ഇല്ലാതാവുന്നു എന്ന ആശങ്കയാണ് ഈ മാറ്റത്തിന് കാരണം. പക്ഷേ പ്രതികൂല സാഹചര്യങ്ങള്‍ നിരവധി മണ്ഡലത്തിലുണ്ടായിരുന്നു.
ഡിസിസിയിലെ രാജി മുതല്‍ കെവി തോമസ് പുറത്തായത് വരെ തൃക്കാക്കരയില്‍ കോണ്‍ഗ്രസിനുള്ള വെല്ലുവിളിയായിരുന്നു. പക്ഷേ മണ്ഡലമാകെ ഇളക്കി മറിച്ചുള്ള പ്രചാരണം നടത്തിയെന്നാണ് സിപിഎം വിലയിരുത്തല്‍. ബൂത്ത് അടിസ്ഥാനത്തിലെ മുഴുവന്‍ കണക്കുകളും ഇഴകീറി പാര്‍ട്ടി പരിശോധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നത്. ആദ്യ കണക്കില്‍ നാലായിരം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു പ്രവചിച്ചിരുന്നത്. പിന്നീടുള്ള കണക്കുകൂട്ടലില്‍ ആയിരം വോട്ടിന്റെ കൂടി മേധാവിത്വമാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. അതേസമയം ബിജെപിയുടെ വോട്ടുകള്‍ 25000 കടന്നാല്‍ ജോ ജോസഫിന്റെ ഭൂരിപക്ഷം 7500 കടന്നേക്കാമെന്നും വിലയിരുത്തലുണ്ട്. പിസി ജോര്‍ജ് വിവാദം ക്രൈസ്തവ വോട്ടുകളില്‍ സ്വാധീനമുണ്ടാക്കിയെന്ന് ബിജെപി പറയുന്നു. 35000 വരെ വോട്ടുകള്‍ ലഭിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications