ഹൈക്കോടതിയെ പോലും ധിക്കരിക്കുന്നു; വര്‍ഗീയത പറഞ്ഞാല്‍ നടപടി, പിസി ജോര്‍ജിനെതിരെ രാജീവ്
കൊച്ചി: പോലീസിന്റെ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് അറിയിച്ച പിസി ജോര്‍ജിനെതിരെ മന്ത്രി പി രാജീവ്. ജാമ്യം നല്‍കിയ കോടതിയില്‍ വിധിയില്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശമുണ്ട്. അതില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുമുണ്ടെന്ന് രാജീവ് പറഞ്ഞു. അതേസമയം പോലീസിന് മുന്നില്‍ ഹാജരാകുന്നില്ലെങ്കില്‍ പിസി ജോര്‍ജ് ഇന്ന് തൃക്കാക്കരയില്‍ പ്രചാരണത്തിനായി എത്തുന്നുണ്ട്. ഹൈക്കോടതിയെ ധിക്കരിച്ച്, മതനിരപേക്ഷയ്ക്ക് എതിരെ നിന്നാല്‍ അത് സംരക്ഷിക്കുന്ന നിലപാട് ഒരിക്കലും സര്‍ക്കാരില്‍ നിന്നുണ്ടാവില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

വര്‍ഗീയ വിദ്വേഷ പ്രവര്‍ത്തി ചെയ്യുന്നത് ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാവും. പിസി ജോര്‍ജിന്റെ കാര്യത്തില്‍ കേരള സമൂഹത്തിന് വ്യക്തതയുണ്ട്. ജോര്‍ജ് പറയുന്ന കാര്യങ്ങള്‍ ജനം മനസ്സിലാക്കും. വര്‍ഗീയത കേരളം തിരിച്ചറിയുമെന്നും രാജീവ് പറഞ്ഞു. നേരത്തെ തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തന്നെ ജോര്‍ജ് പറഞ്ഞിരുന്നു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ മുമ്പാകെ ഹാജരാകാനായിരുന്നു കഴിഞ്ഞ ദിവസം നോട്ടീസില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഹാജരാകാന്‍ പറ്റില്ലെന്ന് ജോര്‍ജ് പറഞ്ഞു. ആരോഗ്യ കാരണങ്ങളാണ് ഹാജരാകാതിരിക്കാനുള്ള കാരണമായി ആദ്യം ജോര്‍ജ് പറഞ്ഞു. പിന്നീട് ഇത് മാറ്റുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവുകയാണെന്നും, ഭരണഘടനാപരമായും ജനാധിപത്യപരമായും തന്റെ അവകാശമാണതെന്നും ജോര്‍ജ് പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് പിസി ജോര്‍ജ് ഇന്ന് തൃക്കാക്കരയിലെത്തുന്നത്. സ്ഥാനാര്‍ത്ഥിക്കൊപ്പം പര്യടന പരിപാടിയില്‍ അടക്കം പങ്കെടുക്കും. ഹാജരാകില്ലെന്ന പിസി ജോര്‍ജിന്റെ കത്ത് കിട്ടിയെങ്കിലും, അതില്‍ ദുരൂഹത ഉണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. വീണ്ടും പോലീസ് നോട്ടീസ് നല്‍കിയിരുന്നു. അതും ജോര്‍ജ് തള്ളി. രൂക്ഷമായിട്ടാണ് പിസി ജോര്‍ജ് പ്രതികരിച്ചിരിക്കുന്നത്. പിണറായി വിജയന്റേത് നെറിക്കെട്ട രാഷ്ട്രീയമാണെന്ന് ജോര്‍ജ് തുറന്നടിച്ചു.
ഉപതിരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കില്‍ തനിക്കെതിരെ ഒരു എഫ്‌ഐആര്‍ പോലും ഇടുമായിരുന്നില്ലെന്ന് ജോര്‍ജ് പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന് തന്നോട് ശത്രുതയുണ്ട്. അതിന് കാരണം മുന്‍ വിഎസ് അച്യുതാനന്ദന്റെ ആളായത് കൊണ്ടാണ്. പാവപ്പെട്ട പിസി ജോര്‍ജ് കുറേ സത്യങ്ങള്‍ പറയുന്നുവെന്നതാണ് എന്നോടുള്ള പിണറായിയുടെ ശത്രുത. നേരത്തെ ഞാന്‍ വിഎസിന്റെ ആളായിരുന്നത് പ്രശ്‌നമായിരുന്നു. അത് സത്യമാണ്. ഞാന്‍ വിഎസ്സിന്റെ ആളാണ് കാരണം വിഎസ്സാണ് ഇടതുപക്ഷം. ആ മനുഷ്യന്‍ വീണതിന് ശേഷം സ്റ്റാലിനിസവും പിണറായിസവും വന്നു. കമ്മ്യൂണിസം ഇല്ല. വിഎസ്സിന്റെ ആളാണെന്നതില്‍ അഭിമാനമേയുള്ളൂവെന്ന് ജോര്‍ജ് പറഞ്ഞു.
തന്നെ പിടികൂടാന്‍ തീരുമാനച്ചതിന് മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചുവെന്നും, അത് പിണറായിയുടെ അന്ത്യത്തിലെ അവസാനിക്കുകയുള്ളൂ. ഇപ്പോള്‍ മുങ്ങിയാല്‍ ഒരു വര്‍ഷം കഴിഞ്ഞാലും, തന്നെ പിണറായിയുടെ പോലീസിന് പിടിക്കാന്‍ കഴിയില്ലെന്നും, പിസി വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിനെയും പിസി ജോര്‍ജ് വിമര്‍ശിച്ചു. വിഡി സതീശന്‍ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണെന്നും പിസി ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications