ട്വന്റി ട്വന്റിസഖ്യം ബൂര്‍ഷ്വാസികളെന്ന് എംവി ഗോവിന്ദന്‍, വോട്ടുകള്‍ പൂര്‍ണമായും പ്രതീക്ഷിക്കുന്നില്ല
തൃക്കാക്കര: ട്വന്റി ട്വന്റി സഖ്യത്തിന്റെ വോട്ട് വേണമെന്ന് പറഞ്ഞതിന് പിന്നാലെ നിലപാട് മാറ്റി സിപിഎം. ആംആദ്മി പാര്‍ട്ടിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ടുകള്‍ പൂര്‍ണമായും എല്‍ഡിഎഫിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടാണോ ട്വന്റി ട്വന്റിക്ക് പോയത് അവിടേക്ക് തന്നെ ആ വോട്ടുകള്‍ തിരികെപോകും. അതുകൊണ്ട് പൂര്‍ണമായും ആ സഖ്യത്തില്‍ നിന്ന് എല്‍ഡിഎഫിന് വോട്ട് പ്രതീക്ഷിക്കുന്നില്ല. ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തെ സാങ്കേതികമായി ബാധിക്കില്ല. രാഷ്ട്രീയത്തില്‍ അതിന് പ്രസക്തിയില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നഷ്ടമുണ്ടാകില്ല. എഎപിയുടെ ട്വന്റി 20യും ബൂര്‍ഷ്വാ പാര്‍ട്ടികളാണ്. ബൂര്‍ഷ്വാസിയുടെ രണ്ടാം മുഖമായിട്ടാണ് അവര്‍ വരുന്നത്. ബൂര്‍ഷ്വാസിയുടെ ഒന്നാം മുഖമായി വരുന്നത് കോണ്‍ഗ്രസാണെന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നടത്തിയ നീക്കങ്ങള്‍ കേരളത്തില്‍ പ്രാവര്‍ത്തികമാകില്ലെന്നും അദ്ദേഹം പഞ്ഞു. സാബു എം ജേക്കബിനോട് മാപ്പ് പറയണമെന്ന ആവശ്യം അംഗീകരിക്കില്ല. സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. വ്യവസായ വകുപ്പ് നിലപാട് എടുക്കുന്നത് ഏതെങ്കിലും വ്യക്തികളെയോ കമ്പനിയെയോ നോക്കിയല്ല. കിറ്റെക്‌സിനോട് പകപോക്കലില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചത് പോലെ കേരളത്തില്‍ ഭരണം പിടിക്കുക ബിജെപിക്ക് നടക്കുന്ന കാര്യമല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം എംവി ഗോവിന്ദന്റെ പരാമര്‍ശത്തിന് പിന്നാലെ, ട്വന്റി ട്വന്റി സഖ്യത്തിന്റെ വോട്ടുകള്‍ ആവശ്യപ്പെട്ട എം സ്വരാജ് നിലപാട് മാറ്റി. തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്തതാണെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തെ പിന്തുണയ്ക്കുന്ന ഏതൊരാള്‍ക്കും ഇടതുപക്ഷത്തെ പിന്തുണയ്ക്കാനേ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കൂ. ഞങ്ങളുടേത് വികസന നയമാണ്. കേരളത്തില്‍ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ മുന്നില്‍ നില്‍ക്കുന്നത് ഇടതുപക്ഷമാണ്. വിദ്യാസമ്പന്നരും പ്രൊഫഷണലുകളും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടന്നുവരണം എന്നാഗ്രഹിക്കുന്നവരും ഇടതുപക്ഷത്തിന് വേണ്ടി വോട്ട് ചെയ്യുമെന്നും സ്വരാജ് പറഞ്ഞു.
എഎപിയും ട്വന്റി ട്വന്റിയും അഴിമതിക്ക് എതിരാണെന്ന് അവര്‍ പറയുന്നു. വികസനത്തിന് വേണ്ടി വാദിക്കുന്നവരാണെന്ന് പറയുന്നു. വിദ്യാസമ്പന്നര്‍ അടക്കമുള്ളവര്‍ രാഷ്ട്രീയത്തില്‍ വരണമെന്നാണ് ആവര്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് അവര്‍ നടപ്പാക്കുന്നതെങ്കില്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാം എന്നാണ് താന്‍ പറഞ്ഞതെന്നും സ്വരാജ് പറഞ്ഞു. അതേസമയം തൃക്കാക്കരയില്‍ വികസനം വേണമെന്ന് പറയുന്നവരും, വികസനം മുടക്കിക്കളും തമ്മിലുള്ള സമരമാണ് നടക്കാന്‍ പോകുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതൊരു തിരഞ്ഞെടുപ്പാണ്. വോട്ടിനായി എല്ലാവരെയും സമീപിക്കുമെന്നും, എല്ലാവരുടെയും വോട്ടുവാങ്ങുമെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications