അരുണ്‍ കുമാറിന് പകരം ജോ ജോസഫ്; ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥിത്വത്തില്‍ പിഴച്ചു?
കൊച്ചി: തൃക്കാക്കരയില്‍ ഇടതുമുന്നണിയുടെ വന്‍ തിരിച്ചടിയില്‍ ചര്‍ച്ചയായി സ്ഥാനാര്‍ത്ഥി നിര്‍ണയം. പതിനൊന്നായിരം വോട്ടിലേക്കാണ് ഉമ തോമസിന്റെ മുന്നേറ്റം. വൈകാതെ തന്നെ ഇത് 15000 വോട്ട് മറികടക്കുമെന്നാണ് യുഡിഎഫ് ക്യാമ്പ് നല്‍കുന്ന സൂചന. അതേസമയം എല്‍ഡിഎഫ് ക്യാമ്പ് ആകെ നിരാശയിലാണ്. മാധ്യമപ്രവര്‍ത്തകരോട് സിപിഎം ജില്ലാ കമ്മിറ്റി അംഗം ദിനേഷ് മണി ലെനിന്‍ സെന്ററില്‍ നിന്ന് പുറത്ത് പോകാന്‍ വരെ രോഷത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ചെറിയ വോട്ടിന് ജയിക്കുമെന്ന് പറഞ്ഞ ഇടതുപക്ഷത്തിന്റെ തോല്‍വി വന്‍ ഭൂരിപക്ഷത്തിനായി പോയി എന്നതാണ് പ്രശ്‌നം. കഴിഞ്ഞ തവണ ആറോ ഏഴോ ബൂത്തില്‍ ലീഡുണ്ടായിരുന്നു എല്‍ഡിഎഫിന്. ഇത്തവണ ഒരു ബൂത്തിലും ലീഡില്ല.
തൃക്കാക്കര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം2022

അപ്രതീക്ഷിതമായ കാര്യമായ സംഭവിച്ചിരിക്കുന്നതെന്ന് സിപിഎം പറയുന്നു. പരാജയം എല്‍ഡിഎഫ് സമ്മതിച്ചിരിക്കുകയാണ്. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വന്‍ പാളിച്ച സംഭവിച്ചുവെന്ന് ഉറപ്പാണ്. കെഎസ് അരുണ്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു സിപിഎമ്മിനുള്ളില്‍ തന്നെ ധാരണയായിരുന്നത്. സിഐടിയുവിന്റെ ജില്ലാ കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതിയുടെ ജില്ലാ ഉപാധ്യക്ഷനുമാണ് അദ്ദേഹം. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റിയെ യോഗത്തിലെ ഈ ധാരണ പിന്നീട് പൊളിഞ്ഞു. ചുവരെഴുത്തുകള്‍ വരെ അരുണ്‍ കുമാറിനായി നടത്തിയത് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. സ്ഥാനാര്‍ത്ഥിത്വം അദ്ദേഹത്തിന് കിട്ടിയതുമില്ല.
ഇതിന് പിന്നില്‍ പി രാജീവിന്റെയും സ്വരാജിന്റെയും പിടിവാശികളാണെന്ന് വരെ ആരോപണം ഉയര്‍ന്നിരുന്നു. എന്തായാലും സ്ഥാനാര്‍ത്ഥി മാറ്റം സിപിഎമ്മിന്റെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനാണ് വിള്ളലേല്‍പ്പിച്ചത്. പകരം വന്ന ജോ ജോസഫിന് പ്രൊഫഷണലെന്ന ഇമേജായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ യാതൊരു സ്വാധീനവും അദ്ദേഹത്തിന് ഇല്ലായിരുന്നു. ഇതാണ് ഇപ്പോള്‍ തോല്‍വിക്ക് പ്രധാന കാരണമായിരിക്കുന്നത്. ഡോക്ടറെന്ന നിലയില്‍ ജോ ജോസഫിന് നല്ല ഇമേജുണ്ട്. രാഷ്ട്രീയക്കാരനെന്ന നിലയില്‍ ഇത് സീറോയാണ്. സകല ഭരണസംവിധാനങ്ങള്‍ വന്നെങ്കിലും ജോ ജോസഫിന് ഉമയ്ക്കുള്ള രാഷ്ട്രീയ മൈലേജ് ഇല്ലായിരുന്നു.
ഒരുപക്ഷേ അരുണ്‍ കുമാറായിരുന്നെങ്കില്‍ മത്സരം തന്നെ മാറുമായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമോ അതിന് മുകളിലേക്കോ പോകാമായിരുന്നു. കടുത്ത രീതികള്‍ കൊണ്ടുവരുന്ന സിപിഎമ്മിന് ഇവിടെ പിഴച്ചു എന്ന് വ്യക്തം. പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിന്ന് കിട്ടിയ വിവരങ്ങളൊക്കെ തെറ്റുകയും ചെയ്തു. അതേസമയം ജില്ലാ സമിതിയാണ് പ്രചാരണം നടത്തിയതെന്ന് എറണാകുളം സിപിഎം ജില്ലാ സമിതി ഇതിനോടകം അവകാശപ്പെട്ടിരിക്കുകയാണ്. ഇത് മുഖ്യമന്ത്രി നടത്തിയ പ്രചാരണമല്ല. ക്യാപ്റ്റന്‍ തോറ്റെന്ന് ഇതിന് അര്‍ഥമില്ല. അദ്ദേഹം പ്രചാരണം നടത്തിയെന്നത് സത്യമാണ്. പക്ഷേ പാര്‍ട്ടി ആവശ്യപ്പെട്ടത് കൊണ്ടാണ് മുഖ്യമന്ത്രി എത്തിയതെന്നും ജില്ലാ സമിതി പറഞ്ഞു.












Click it and Unblock the Notifications