ഓപ്പറേഷന്‍ കഴിഞ്ഞിട്ട് 2 വർഷം, ആത്മഹത്യ വീഡിയോ കോൾ ചെയ്തുകൊണ്ട്; ഷെറിന്റെ മരണത്തിൽ പുതിയ വിവരങ്ങൾ
കൊച്ചി: നടിയും മോഡലുമായ ട്രാന്‍സ്വുമണ്‍ ഷെറിന്‍ സെലിന്‍ മാത്യു ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സുഹൃത്തുക്കള്‍ രംഗത്ത്. ഷെറിന്‍ ആത്മഹത്യ ചെയ്തത് വീഡിയോ കോൾ ചെയ്തുകൊണ്ടാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഷെറിന്‍ ആരെയാണ് വിളിച്ചതെന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ല, ഇക്കാര്യം പൊലീസ് അന്വേഷിക്കുമെന്നും സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാവിലെയാണ് ഷെറിനെ ഒരു ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷെറിന്റെ ഓപ്പറേഷന്‍ കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. ഹോര്‍മോണ്‍ ടാബ്ലെറ്റുകല്‍ കഴിച്ചതിന്റെ അവശിഷ്ടങ്ങള്‍ മുറിയില്‍ ഉണ്ടായിരുന്നു. വീഡിയോ കോള്‍ ചെയ്തുകൊണ്ടാണ് ഷെറിന്‍ തൂങ്ങിമരിച്ചത്. ഫോണ്‍ അങ്ങനെ തന്നെ വച്ചിരിക്കുകയായിരുന്നു. മരിക്കാന്‍ മാത്രമുള്ള കാരണമെന്താണെന്ന് അറിയില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

ഷെറിന്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ല, വളരെ ബോള്‍ഡായ കുട്ടിയാണ്. ഇന്ന് രാവിലെ 10.30 ന് നോക്കിയപ്പോള്‍ 15 മണിക്കൂര്‍ മുന്നേ ഒരു ബന്ധം ബ്രേക്ക് അപ്പായ പോലെയുള്ള സ്റ്റാറ്റസ് ഇട്ടിട്ടുണ്ടായിരുന്നെന്ന് മറ്റൊരു സുഹൃത്ത് പറഞ്ഞു. ഷെറിന്റെ മരണം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് ആകെ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ കൊച്ചിയില്‍ മരണപ്പെടുന്ന അഞ്ചാമത്തെ ട്രാന്‍സ്‌ജെന്‍ഡറാണ് ഷെറിന്‍.

അതേസമയം, ഷെറിന്റെ മരണത്തില്‍ പ്രതികരണവുമായി മുന്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ വി ടി ബല്‍റാം രംഗത്തെത്തി. കേവലം ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന് എഴുതിത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയമായി ഇതിനെ കാണാന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്ന് വി ടി ബല്‍റാം പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലമായി ഇതുപോലുള്ള ദുരൂഹമരണങ്ങളും ആത്മഹത്യകളും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഫേസ്ബുക്കില്‍ പഭ്കുവച്ച കുറിപ്പില്‍ പറയുന്നു.

കൊച്ചിയില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയേക്കൂടി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇതുപോലുള്ള ദുരൂഹമരണങ്ങളും ആത്മഹത്യകളും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൊച്ചിയില്‍ത്തന്നെ ഒന്നര വര്‍ഷത്തിനകത്ത് ഇത് അഞ്ചാമത്തെ മരണമാണ്. കേവലം ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന് എഴുതിത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയമായി ഇതിനെ കാണാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.

ട്രാന്‍സ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനില്‍ക്കുന്ന സ്റ്റിഗ്മ, പലതരം ചൂഷണങ്ങള്‍, വിവേചനങ്ങള്‍, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്‌നങ്ങളും ഇനിയും വേണ്ട രീതിയില്‍ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ മരണത്തേക്കുറിച്ചുള്ള പോലീസിന്റെ കേസന്വേഷണത്തിനപ്പുറം സാമൂഹിക നീതി വകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതിനെ ഒരു പൊതു വിഷയമായിക്കണ്ട് ഗൗരവമുള്ള പഠനത്തിനും അതനുസരിച്ചുള്ള ഇടപെടലുകള്‍ക്കും ഇനിയും മടിച്ചു നില്‍ക്കരുത്. സമൂഹത്തിലെ ഓരോ വ്യക്തിയും പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നാമേവരുടേയും ഉത്തരവാദിത്തമാണ്- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications