സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങി: ഭക്തരില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്
കൊച്ചി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭക്തരില്‍ നിന്നും സഹായം സ്വീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഫെബ്രുവരി മുതലാണ് ദേവസ്വം ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കേരളത്തിന് പുറമേ ഇതരസംസ്ഥാനത്ത് നിന്നെത്തുന്ന ഭക്തരില്‍ നിന്നും സര്‍ക്കാരുകളില്‍ നിന്നും ഇതോടെ ഇത്തരത്തിൽ സഹായമഭ്യര്‍ത്ഥിക്കും.
ആനയ്‌ക്കെതിരെ മസനഗുഡിയില്‍ കൊടുംക്രൂരത, ടയര്‍ കത്തിച്ചെറിഞ്ഞു, പൊള്ളലേറ്റ ആന ചെരിഞ്ഞു!!
കൊവിഡ് വ്യാപനം ശബരിമല സീസണിന് തിരിച്ചടിയായതോടെ കോടികൾ വരുമാനം ലഭിക്കുന്ന ശബരിമല തീർത്ഥാടനം പേരിന് മാത്രമായൊതുങ്ങിയിരുന്നു. ഇതാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. ഇതോടെ തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള 1248 ക്ഷേത്രങ്ങളിലെ നിത്യനിദാനവും ജീവനക്കാരുടെ ശമ്പളവും നൽകുന്നത് സംബന്ധിച്ച് ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈയിനത്തില്‍ മാത്രം പ്രതിമാസം 40 കോടി രൂപയാണ് ദേവസ്വം ബോര്‍ഡിന് ചിലവ്.
ഈ ശബരിമല സീസണില്‍ 92 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നടവരവും മറ്റിനങ്ങളിലുമായി ആകെ ലഭിച്ചത് 21 കോടി രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം 269 കോടി രൂപ ലഭിച്ചിരുന്നിടത്താണ് ഇത്തവണ 21 കോടിയിലേക്ക് ചുരുങ്ങിയിട്ടുള്ളത്.
അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ താൽക്കാലിക ആശ്വാസമെന്നോണം സംസ്ഥാന സര്‍ക്കാര്‍ ബോര്‍ഡിന് ഇതിനോടകം 70 കോടി രൂപ നല്‍കിയിട്ടുണ്ട്. എന്നിട്ടും പ്രതിസന്ധി പരിഹരിക്കാൻ കഴിയാതായതോടെ കൂടുതല്‍ പണം ആവശ്യപ്പെടാനാണ് ബോർഡിന്റെ തീരുമാനം. താത്ക്കാലിക ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും സ്വര്‍ണ്ണ ഉരുപ്പടികള്‍ പണയപ്പെടുത്തിയും പിടിച്ചു നില്‍ക്കാനുള്ള ആലോചനകളും നടന്നുവരുന്നുണ്ട്.