വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിതരണത്തിനായി കഞ്ചാവ്; രണ്ട് പേര്‍ കൊച്ചിയില്‍ അറസ്റ്റില്‍!
കൊച്ചി: വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിതരണത്തിനായി ചെന്നൈയിൽ നിന്നും കടത്തിയ അഞ്ചു കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. കൊല്ലം അയത്തിൽ ഹാരിസ് മൻസിലിൽ ഹാരിസ് (25), ഇടുക്കി ഏലപ്പാറ ചെമ്മണ്ണ്കര വലിയപറമ്പിൽ ഹൗസിൽ സുമേഷ് (33) എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്.
ഇരുവരും തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തി ചെറുകിട ഏജന്‍റുമാർക്ക് വിതരണം ചെയ്യുന്ന സംഘത്തിൽ പെട്ടവരാണ്. കിലോയ്ക്ക് 5000 രൂപയ്ക്ക് കിട്ടുന്ന കഞ്ചാവ് കേരളത്തിൽ 20000 രൂപയ്ക്കാണ് വിൽക്കുന്നത്. ചില്ലറ വിൽപ്പന നടത്തുമ്പോൾ ലാഭം പതിന്മടങ്ങു വർധിക്കും. പിടിച്ചെടുത്ത കഞ്ചാവിന് മൂന്നു ലക്ഷം രൂപ വിലയുണ്ട്. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ഇന്നലെ രാവിലെയാണു കസ്റ്റഡിയിലെടുത്തത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിതരണത്തിനു കൊണ്ടു വന്നതായിരുന്നു. 10 ഗ്രാം അടങ്ങുന്ന കഞ്ചാവ് പൊതിക്കു വിനോദ സഞ്ചാരികൾക്ക് 2000 രൂപയ്ക്കാണു വിൽക്കുന്നത്.

ചെന്നൈയിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് ഇടുക്കി ഗോൾഡ് എന്ന പേരിലാണ് കേരളത്തിൽ വിൽക്കുന്നത്. ഇടുക്കി കഞ്ചാവിന്‍റെ പ്രിയം കണക്കിലെടുത്താണിത്. ഇടുക്കി ജില്ലക്കാരായ നിരവധി പേർ ചെന്നൈയിൽ കഞ്ചാവ് കടത്തുകാരായി പ്രവർത്തിക്കുന്നുണ്ട്. എക്സൈസ് സിഐ ടി.എൻ.സുധീർ, എക്സൈസ് ഇൻസ്പെക്റ്റർ എം.ജയകുമാർ, പ്രിവന്‍റീവ് ഓഫിസർമാർ സുരേഷ് കുമാർ, ടി.ഡി.ജോസ്, എം.പി.ഉമ്മർ, സിവിൽ എക്സൈസ് ഓഫിസർമാർ സി.ടി.സുനീഷ് കുമാർ, എസ്.സിദ്ധാർഥ്, പി.ജി.അനൂപ്, എ.പി.പ്രദീപ് കുമാർ, അഫ്സൽ എന്നിവരടങ്ങുന്ന സംഘമാണു പിടികൂടിയത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications