കേരളത്തില്‍ രണ്ട് കൊറോണ മരണം കൂടി; മരിച്ചത് തൊടുപുഴ, ഫോര്‍ട്ട് കൊച്ചി സ്വദേശികള്‍
കൊച്ചി: സംസ്ഥാനത്ത് രണ്ടു പേര്‍ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. തൊടുപുഴ, ഫോര്‍ട്ട് കൊച്ചി സ്വദേശികളാണ് മരിച്ചത്. തൊടുപുഴ സ്വദേശി ലക്ഷ്മി (79) ആലുവയിലാണ് മരിച്ചത്. ഇവര്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചത് എന്ന് വ്യക്തമല്ല. ശനിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് (51) ആണ് മരിച്ച മറ്റൊരാള്‍. കളമശേരി മെഡിക്കല്‍ കോളജിലാണ് ഇദ്ദേഹം മരിച്ചത്. ജൂണ്‍ 19ന് കുവൈത്തില്‍ നിന്നെത്തിയ ഹാരിസിനെ 26നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ മരണം 46 ആയി.

കഴിഞ്ഞ ദിവസം തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രന്‍ കൊറോണ രോഗം ബാധിച്ച് മരിച്ചിരുന്നു. വൃക്കരോഗ ബാധിതനായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കുഴഞ്ഞ് വീണിരുന്നു ജയചന്ദ്രന്‍. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. നേരത്തെ ഡയാലിസിസിന് വിധേയനായിരുന്നു.
സംസ്ഥാനത്ത് അതിവേഗം കൊറോണ രോഗം വ്യാപിക്കുകയാണ്. തിരുവനന്തപുരം ജില്ലയില്‍ ആശങ്ക ഇരട്ടിയായിട്ടുണ്ട്. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണവും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുതിയ 20 ഹോട്ട് സ്‌പോട്ടുകളാണ് കണ്ടെത്തിയത്. സമ്പര്‍ക്കം വഴി രോഗം വ്യാപിക്കുന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. 519 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകരുമുണ്ട് എന്നതാണ് വസ്തുത.












Click it and Unblock the Notifications