ഉപ്പും മുളകും താരം ജൂഹി രസ്‌തോഗിയുടെ അമ്മ വാഹനാപകടത്തില്‍ മരണപ്പെട്ടു
കൊച്ചി : ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എന്ന സീരിയിലിലൂടെ ശ്രദ്ധേയമായ ജൂഹി രസ്‌തോഗിയുടെ അമ്മ വാഹനാപകടത്തില്‍ മരണപ്പെട്ടു. കൂരീക്കാട് ആളുപ്പറമ്പില്‍ പരേതനായ രഘുവീര്‍ ശരണിന്റെ ഭാര്യ ഭാഗ്യലക്ഷ്മി (56) ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ 11.45ഓടെയായിരുന്നു അപകടം. മകനോടൊപ്പം സഞ്ചരിച്ച സ്‌കൂട്ടര്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച് പി സി എല്ലിന് മുന്നില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുിന്ന ഭാഗ്യലക്ഷ്മിയെയും മകനെയും കുടിവെള്ള ടാങ്കര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഭാഗ്യ ലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചിരുന്നു. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ ചിരാഗ് രസ്‌തോഗിയ്ക്ക് കാര്യമായി പരിക്കേറ്റില്ല. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സണ്‍റൈസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ശാന്തിതീരം പൊതുശ്മശാനത്തില്‍ ഞായറാഴ്ച നടക്കും.
ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ജൂഹി രസ്‌തോഗി. പരമ്പരയുടെ പകുതിയില്‍ വച്ച് താരം മാറിനിന്നിരുന്നു. ലച്ചു എന്ന കാഥാപാത്രമാണ് ഉപ്പും മുളകില്‍ അവതരിപ്പിച്ചത്. അമ്മയെ കുറിച്ച് ജൂഹി പലപ്പോഴും അഭിമുഖങ്ങളില്‍ പറയാറുണ്ടായിരുന്നു. അച്ഛന്‍ രഘുവീര്‍ ശരണ്‍ രസ്‌തോഗി നേരത്തെ അന്തരിച്ചിരുന്നു. ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി. എന്‍ജിനിയറാണ് മകന്‍ ചിരാഗ്. ചിരാഗിന് അപകടത്തിൽ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.












Click it and Unblock the Notifications