തലക്കറക്കം, തളര്‍ച്ച, ഓർമ നഷ്ടപ്പെടല്‍, ഛർദി; വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ തൊഴിലാളികളെ ആശങ്കയിലാക്കി സ്കാനിങ് സംവിധാനം
കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ തൊഴിലാളികളെ ആശങ്കയിലാക്കി സ്കാനിങ് സംവിധാനം. ടെർമിനലിൽ പുതുതായി സ്ഥാപിച്ച് സ്കാനിങ് സംവിധാനത്തിൽ കണ്ടെയ്നറുകളോടൊപ്പം ഡ്രൈവർമാരെയും സ്കാനിങിന് വിധേയരാക്കുകയാണ്. കണ്ടെയ്നര്‍ കയറ്റിയ വാഹനം ഡ്രൈവറാണ് സ്കാനിങ് സംവിധാനത്തിലേക്ക് ഓടിച്ചു കയറ്റണം.
കണ്ടെയ്നറിനോടൊപ്പം ഡ്രൈവറും സ്കാനിങ്ങിന് വിധേയനാകുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഡ്രൈവര്‍മാരില്‍ ഉണ്ടാക്കുന്നത്. തലക്കറക്കം, തളര്‍ച്ച, ഓർമ നഷ്ടപ്പെടല്‍, ഛർദി തുടങ്ങിയവ സ്കാനിങ് കഴിഞ്ഞിറങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക് അനുഭവപ്പെടുന്നു. തീവ്ര രശ്മികള്‍ ശരീരത്തില്‍ പതിക്കുന്നതാണ് ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമെന്ന് ഡോക്റ്റര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.

അതീവ അപായ സൂചന നൽകുന്ന ബോര്‍ഡ്, സ്കാനറിന്റെ മുന്നിൽ തന്നെ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഒരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് ഡ്രൈവര്‍മാര്‍ കൂടി സ്കാനിങ്ങിന് വിധേയനാകുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിയമനടപടികൾക്ക് ഒരുങ്ങുകയാണ് തൊഴിലാഴികള്‍.
എന്നാല്‍, തൊഴിലാളികളുടെ ആശങ്ക അടിസ്ഥാനരഹിതമെന്നാണ് വല്ലാര്‍പാടം ടെര്‍മിനല്‍ അധികൃതരുടെ വാദം. കഴിഞ്ഞ നവംബറിലാണ് പുതിയ സ്കാനിങ്ങ് സംവിധാനം വല്ലാര്‍പാടം ടെര്‍മിനലില്‍ സ്ഥാപിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ ഡ്രൈവർ ത്രൂ സ്കാനർ സംവിധാനമാണ് വല്ലാർപാടത്തേത്. ആദ്യത്തേത് മുബൈ പോർട്ടിലാണ് സജ്ജമാക്കിയിരിക്കുന്നത്.
രാജ്യത്തെ മറ്റ് പോര്‍ട്ടുകളില്‍ എസ്കലേറ്റർ സംവിധാനം ഉപയോഗിച്ചുള്ള സ്കാനറാണ് ഉപയോഗിക്കുന്നത്. ഈ സംവിധാനം വല്ലാര്‍പാടത്തും കൊണ്ടു വരണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. എത്രയും പെട്ടെന്ന് അധികൃതര്‍ ഇടപെട്ടില്ലങ്കില്‍ ജീവഹാനി വരെ ഉണ്ടാകുമെന്നാണ് തൊഴിലാളികള്‍ ഭയക്കുന്നത്.
നാല്‍പ്പതു കോടിയോളം രൂപ ചെലവഴിച്ച് സ്ഥാപിച്ച സക്യാനര്വഴി സമയലാഭം, കൃത്യത, സുരക്ഷിതത്വം എന്നിവ കൈവരിക്കാനാകുമെന്ന് കസ്റ്റംസ് കണക്ക് കൂട്ടിയിരുന്നത്. മണിക്കൂറില്‍ 180 കണ്ടെയ്നറുകള്‍ പരിശോധിക്കാന്‍ കഴിയും. നാല്പ്പതടി നീളമുള്ള കണ്ടെയ്നര്‍ 13 സെക്കന്‍ഡില്‍ സ്കാന്‍ ചെയ്യും. പരമാവധി 25 സെക്കന്‍ഡിനപ്പുറം പോകില്ല. സ്കാനിങ് കേന്ദ്രത്തെ കസ്റ്റംസിന്റെര്ക്കുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ ചരക്ക് സംബന്ധിച്ചുള്ള എല്ലാ അടിസ്ഥാനവിവരങ്ങളും ബില്ലില്‍ ചേര്‍ക്കാനും കഴിയും.
സ്ഫോടകവസ്തുക്കള്‍,ആയുധങ്ങള്‍, ലഹരി വസ്തുക്കള്‍ എന്നിവ പ്രത്യേകം തിരിച്ചറിയാനുള്ള കഴിവാണ് സംവിധാനത്തിന്റെ പ്രത്യേകത. സ്കാനറിനു പുറമേ 24 മണിക്കൂര്‍ നിരീക്ഷണത്തിന് ഉദ്യോഗസ്ഥരുമുണ്ടാകും. സംശയം തോന്നുന്ന കണ്ടെയ്നറുകള്‍ മാത്രമേ തുറന്നു പരിശോധിക്കൂ. കണ്ടെയ്നറുകള്‍ വ്യാപകമായി തുറന്ന് പരിശോധിക്കുന്നത് പലപ്പോഴും സമയനഷ്ടമുണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. സുരക്ഷിതത്വത്തില്‍ വിട്ടുവീഴ്ചയില്ലാതെ സമയവും നടപടിക്രമങ്ങളും കുറയ്ക്കാനാവുമെന്നതാണ് പ്രധാന ആകര്‍ഷണം.
അത്യാധുനിക സ്കാനർ സംവിധാനം ഏർപ്പെടുത്തിയതിന് ശേഷം വല്ലാർപാടം വഴിയുള്ള കള്ളക്കടത്ത് കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകൾ നൽകുന്ന സൂചന. കണ്ടെയ്നർ ഡ്രൈവർമാരുടെ ആരോഗ്യത്തിന് ഭീഷണിയാകാത്ത രീതിയിൽ മികച്ച രീതിയിൽ സ്കാനർ സംവിധാനം വല്ലാർപാടത്ത് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നടപടി വൈകിയാൽ പ്രതിഷേധസമരങ്ങൾ ഉൾപ്പടെയുള്ളവ നടത്താനുള്ള തയ്യാറെടുപ്പിലാണ് തൊഴിലാളികൾ.












Click it and Unblock the Notifications