സ്ത്രീധനത്തിന്റെ പേരിൽ യുവതിയുടെ മുഖം പൊത്തിപ്പിടിച്ച് അടിവയറ്റിൽ മർദ്ദിച്ചു: അച്ഛന്റെ കാൽ തല്ലിയൊടിച്ചു
കൊച്ചി: എറണാകുളത്ത് ഭാര്യയ്ക്കും ഭാര്യാപിതാവിനും സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമർദ്ദനം. സ്വർണ്ണാഭരണങ്ങൾ നൽകാത്തതിനെച്ചൊല്ലി ഭാര്യയെ മർദ്ദിച്ച യുവാവ് ഭാര്യയുടെ അച്ഛന്റെ കാൽ തല്ലിയൊടിക്കുകയുമായിരുന്നു. ഇതോടെ ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
എന്നാൽ ഇയാൾ ആശുപത്രിയിലെത്തിയും ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ യുവതിയും അച്ഛനും സിറ്റി പോലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകിയിട്ടിട്ടുണ്ട്. അതേ സമയം ലോക്കൽ പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാത്തതിനെ തുടർന്നാണ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകിയിട്ടുള്ളതെന്നും ഇവർ ആരോപിക്കുന്നുണ്ട്.

മൂന്ന് മാസം മുമ്പാണ് മർദ്ദനത്തിനിരയായ യുവതിയും സോഫ്റ്റ് വെയർ എൻജിനീയറായ ജിബ്സണും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ ശേഷം സ്വർണ്ണം ആവശ്യപ്പെട്ട് ഭർത്താവ് തന്നെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. രാത്രിയിൽ പുറത്തും വയറ്റിലും മർദ്ദിക്കാറുണ്ടായിരുന്നുവെന്നും രണ്ടാം വിവാഹമായിരുന്നതിനാലാണ് ഇത്രയും നാൾ ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നുമാണ് യുവതി പറയുന്നത്. തനിക്ക് കഴിക്കാൻ വേണ്ടത്ര ഭക്ഷണം പോലും ഭർത്താവിന്റെ വീട്ടിൽ നിന്ന് നൽകിയിരുന്നില്ലെന്നും യുവതി ആരോപിക്കുന്നു. ഭർത്താവിനൊപ്പം ഭർതൃവീട്ടുകാരെയും പ്രതിസ്ഥാനത്ത് നിർത്തുന്നതാണ് യുവതിയുടെ വെളിപ്പെടുത്തൽ.
സ്ത്രീധനം നൽകാത്തതിന്റെ പേരിൽ തന്റെ അച്ഛനെ മർദ്ദിച്ച് കാലൊടിച്ചതിന് പിന്നിൽ ജിബ്സണും ജിബ്സന്റെ പിതാവുമാണെന്നും യുവതി പറയുന്നു. തന്റെ പിതാവിനെ നിലത്തേക്ക് തള്ളിയിട്ട ശേഷം കാലിൽ കയറി നിൽക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. ആശുപത്രിയിൽ കഴിഞ്ഞ അച്ഛനെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് വീട്ടിലേക്ക് കൊണ്ടുവരുന്നത്.












Click it and Unblock the Notifications