'മുസ്ലിങ്ങള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞത്...' കൊച്ചിയിലെ ദുരനുഭവം വിവരിച്ച് ഷാജികുമാര്‍
കൊച്ചി: ഉത്തരേന്ത്യയില്‍ പലയിടത്തും മുസ്ലിങ്ങള്‍ക്ക് വീട് വാടകയ്ക്ക് കിട്ടുന്നില്ലെന്ന വാര്‍ത്തകള്‍ വന്നിരുന്നു. മുസ്ലിങ്ങള്‍ക്ക് വീട് നല്‍കില്ലെന്ന് വ്യക്തമാക്കി ബോര്‍ഡ് സ്ഥാപിച്ചതും നേരത്തെ വാര്‍ത്തയായിരുന്നു. അതെല്ലാം മറ്റു സംസ്ഥാനങ്ങളിലല്ലേ എന്ന ആശ്വാസത്തിലായിരുന്നു മലയാളികള്‍. എന്നാല്‍ കൊച്ചിയിലും സമാനമായ സംഭവം ആവര്‍ത്തിച്ചിരിക്കുന്നു.
തനിക്കുണ്ടായ അനുഭവം വിവരിച്ച് കഥാകൃത്ത് പിവി ഷാജികുമാര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. കേരളത്തില്‍ തന്നെ ഇത്തരം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ഇദ്ദേഹത്തിന്റെ കുറിപ്പിന് താഴെ പലരും കമന്റ് ചെയ്യുന്നു. മലയാളികള്‍ക്കിടയില്‍ വര്‍ധിക്കുന്ന വെറുപ്പിന്റെയും ഭീതിയുടെയും ആഴം വ്യക്തമാക്കുന്നതാണ് ഈ സംഭവം.

വീട് വില്‍ക്കുന്ന വേളയില്‍ മുസ്ലിങ്ങള്‍ക്ക് മറിച്ചുവില്‍ക്കരുത് എന്ന നിബന്ധന വച്ച സംഭവം കമന്റ് ബോക്‌സില്‍ ഒരാള്‍ വിവരിക്കുന്നു. വീട് അയ്യര്‍, നായര്‍ വിഭാഗത്തിന് മാത്രമേ നല്‍കൂ എന്ന് ശഠിക്കുന്നവരുണ്ടെന്നും ചിലര്‍ പറയുന്നു. അതേസമയം, ഇത്തരത്തിലുള്ള ആള്‍ക്കാരുണ്ടോ എന്ന് അത്ഭുതം കൂറുന്നവരും നിരവധിയാണ്. വളരെ ചര്‍ച്ചയാകുന്ന ഷാജികുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാന്‍ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയില്‍ പോയി.
ബ്രോക്കര്‍ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒറ്റനിലവീട്. വീടിന് മുന്നില്‍ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തില്‍ പടമായിട്ടുണ്ട്. മുറികള്‍ നോക്കുമ്പോള്‍ ബ്രോക്കര്‍ ചോദിക്കുന്നു.
''പേരേന്താ..?''
''ഷാജി''
അയാളുടെ മുഖം ചുളിയുന്നു.
''മുസ്ലീമാണോ..?''
ഞാന്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കുന്നു.
''ഒന്നും വിചാരിക്കരുത് , മുസ്ലീങ്ങള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞിരിക്കുന്നത്..''
''ഓ... ഓണര്‍ എന്ത് ചെയ്യുന്നു..''
''ഇന്‍ഫോപാര്‍ക്കില്‍.. കമ്പ്യൂട്ടര്‍ എഞ്ചിനിയറാ..''
''ബെസ്റ്റ്..''
ഞാന്‍ സ്വയം പറഞ്ഞു.
ഇപ്പോഴും അയാള്‍ എന്റെ മതമറിയാന്‍ കാത്തുനില്‍ക്കുകയാണ്.
ഷാജിയെന്നത് സര്‍വ്വമതസമ്മതമുള്ള പേരാണല്ലോ..
മുമ്പും രണ്ട് വട്ടം വീട് നോക്കാന്‍ പോയപ്പോള്‍ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസില്‍ നിന്ന് കളഞ്ഞതാണ്...
''എനിക്ക് വീട് വേണ്ട ചേട്ടാ...''
ഞാന്‍ ഇറങ്ങുന്നു.
ചുമരിലെ പാവം യേശു എന്നോട് പറയുന്നു.
'ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു...'












Click it and Unblock the Notifications