പ്ലസ് വൺ വിദ്യാർഥിനിയെ വശീകരിച്ച് പീഡിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ
പറവൂർ: പ്രായപൂർത്തിയാകാത്ത സ്ക്കൂൾ വിദ്യാർഥിനിയെ ഫേസ് ബുക്ക് വഴി പരിചയപ്പെട്ട് വശീകരിച്ച് പീഡിപ്പിച്ച രണ്ട് യുവാക്കളെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. മുനമ്പം കോവിലകത്തുംകടവ് വലിയവീട്ടിൽ വിബി (27) കോവിലകത്തുംകടവ് പാറയിൽ വീട്ടിൽ സാം ആന്റണി (20) എന്നിവരെയാണ് മുനമ്പം സബ് ഇൻസ്പെക്ടർ ടി വി ഷിബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ മുനമ്പത്തുള്ള ഒരു സുഹൃത്തിന്റെ താമസമില്ലാത്ത വീട്ടിൽ വച്ചും പള്ളിപ്പുറം പള്ളിക്ക് സമീപമുള്ള പുഴയിൽ മത്സ്യബന്ധന ബോട്ടിൽ വെച്ചുമാണ് പീഡിപ്പിച്ചത്. പ്രതികളെ പോലീസ് പിടികൂടിയപ്പോൾ ഇവരിൽ നിന്നും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതിനിടയിൽ പെൺകുട്ടിക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ നൽകിയിരുന്നതായും പോലീസ് പറഞ്ഞു. പെൺകുട്ടി എറണാകുളം നഗരത്തിൽ മറ്റു ചില സുഹൃത്തുക്കളുമായി സമയം ചിലവഴിച്ചതിനു ശേഷം രാത്രിയോടെ വീട്ടിലേക്ക് പോകാൻ ബ്സ് സ്റ്റോപ്പിലെത്തി നാട്ടുകാരോട് വഴി ചോദിച്ചതോടെ സംശയം തോന്നിയ ചിലർ പോലീസിൽ വിവരം അറിയിച്ചു.

പോലീസെത്തി പെൺകുട്ടിയോട് വിശദമായി കാര്യങ്ങൾ തിരക്കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പീഡനവുമായി ബന്ധപ്പെട്ട് മറ്റു ചില ആളുകൾക്കും പങ്കുണ്ടെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ വരാപ്പുഴ, എറണാകുളം സിറ്റി പോലീസും അന്വേഷണം നടത്തുന്നുണ്ട്. മുനമ്പത്ത് പിടിയിലായ പ്രതികളെ ഞാറക്കൽ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.












Click it and Unblock the Notifications