സീറോ മലബാര്‍ സഭ സ്ഥിരം സിനഡില്‍ പുതിയ അംഗങ്ങൾ; മീഡിയ കമ്മിഷന് രൂപീകരിച്ചു, മാര്‍ ജോസഫ് പാംപ്ലാനി ചെയര്മാന്, മംഗലപ്പുഴ സെമിനാരി കമ്മിഷനു പുതിയ നേതൃത്വം
കൊച്ചി: സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡില്‍ കാലാവധി പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്കു പകരമായി ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോര്‍ജ് ഞെരളക്കാട്ട് എന്നിവരെ സിനഡ് തെരഞ്ഞെടുത്തു. ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിനെ സ്ഥിരം സിനഡിലെ നാലാമത്തെ അംഗമായി മേജര്‍ ആര്‍ച്ച് ബിഷപ് നോമിനേറ്റ് ചെയ്തു.
കൊച്ചിയിലെ ശ്മശാനങ്ങൾ മുഖം മിനിക്കുന്നു; ലോകോത്തര നിലവാരത്തിൽ ഇനി അന്ത്യവിശ്രമം
സഭയുടെ വിവിധ മാധ്യമ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു സീറോ മലബാര്‍ മീഡിയ കമ്മിഷനു സിനഡ് രൂപം നല്കി. വാര്‍ത്താ വിനിമയരംഗത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവാത്മകമായ മാറ്റങ്ങള്‍ പരിഗണിച്ചാണു കമ്മിഷന് രൂപീകരിച്ചിട്ടുള്ളത്. എല്ലാ രൂപതകളിലും മീഡിയ കമ്മിഷനുകള്‍ രൂപീകരിച്ചു സഭയുടെ മാധ്യമ ഇടപെടലുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണു കമ്മിഷന്റെ ദൗത്യം. സാമൂഹ്യമാധ്യമങ്ങളിലൂടെ സഭയെ ആക്രമിക്കാന്‍ ചില തത്പരകക്ഷികള്‍ ബോധപൂര്‍വം ശ്രമിക്കുന്നു എന്ന വസ്തുത സിനഡ് ചൂണ്ടിക്കാട്ടി.

വിവരസാങ്കേതികമേഖലയില്‍ വിദഗ്ധരായ വിശ്വാസികളെ ഉള്‍പ്പെടുത്തി ഇത്തരം ഗൂഢനീക്കങ്ങളെ പ്രതിരോധിക്കുകയെന്നതും മീഡിയ കമ്മിഷന്റെ ലക്ഷ്യമാണ്. മീഡിയ രംഗത്തു സഭയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പരിശോധിക്കാനും ആവശ്യമായ പ്രതികരണങ്ങള്‍ നല്‍കാനും മീഡിയ കമ്മിഷന് നേതൃത്വം നല്‍കും. സീറോ മലബാര്‍ മീഡിയ കമ്മിഷന് ചെയര്‍മാനായി തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയെ തെരഞ്ഞെടുത്തു.
ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവരാണു കമ്മിഷനിലെ മറ്റ് അംഗങ്ങള്‍. മംഗലപ്പുഴ സെമിനാരി കമ്മിഷന് ചെയര്‍മാനായി ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിനെ സിനഡ് തെരഞ്ഞെടുത്തു. ബിഷപ്പുമാരായ മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവരാണു കമ്മിഷനിലെ മറ്റ് അംഗങ്ങള്‍.
ഫ്രാന്‍സിസ് മാര്‍പാപ്പ ഗള്‍ഫില്‍ സന്ദര്‍ശനം നടത്തുന്നുവെന്നതു വലിയ സന്തോഷത്തോടെയാണു സിനഡ് കാണുന്നത്. നാലു ലക്ഷത്തോളം സീറോ മലബാര്‍ കത്തോലിക്കര്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ പങ്കാളിത്തവും മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനു മിഴിവേകുമെന്നു സിനഡ് വിലയിരുത്തി.
വിവിധ സെമിനാരികളില്‍ പരിശീലനം നല്കുന്ന വൈദികര്‍, അവരെ അതിനൊരുക്കുന്ന പരിശീലന പരിപാടികളില്‍ പങ്കെടുക്കേണ്ടത് ആവശ്യമാണെന്നു സിനഡ് വിലയിരുത്തി. സങ്കീര്‍ണമായ ജീവിതാവസ്ഥകളിലൂടെ കടന്നുവരുന്ന വൈദികാര്‍ഥികളെ നയിക്കാനും സഹായിക്കാനും സഹഗമനം നടത്താനുമായി, അവരെ പരിശീലിപ്പിക്കുന്ന വൈദികര്‍ക്കു സാധിക്കണം.
അതിനു വൈദികരെ പ്രാപ്തരാക്കുന്നതിനു ഭാരതത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന പരിശീലന പദ്ധതിയില്‍ അവരുടെ പങ്കാളിത്തമുണ്ടാകണം. സെമിനാരികളിലെ പുതിയ അധ്യാപകര്‍ക്കും ഇതു ബാധകമാണ്. ഇപ്പോള്‍ പരിശീലനത്തില്‍ ഉള്പ്പെട്ടിരിക്കുന്നവര്ക്കായി ഹ്രസ്വകാല പരിശീലന പരിപാടികള്‍ക്കും സെമിനാരി കമ്മിഷനുകള്‍ രൂപം നല്‍കും.












Click it and Unblock the Notifications