തളിപറമ്പിലെ വ്യാജസ്വര്‍ണ പണയ തട്ടിപ്പ്: മുഖ്യപ്രതിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍വാങ്ങും
തളിപറമ്പ്: തളിപറമ്പ് ചിവറക്കിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ നിന്നും 2.73 കിലോ മുക്കുപണ്ടം പണയംവെച്ചു 72.70ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ വീണ്ടും പൊലിസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും. ഇയാളെ തളിപറമ്പ് കോടതിയില്‍ റിമാന്‍ഡ് ചെയ്തതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇപ്പോഴുളളത്. പണം തട്ടിയെടുത്ത ബാങ്കില്‍ ഉള്‍പ്പെടെ ഈയാളെയും കൊണ്ടു തെളിവെടുപ്പ്് നടത്തും.
തളിപറമ്പ് ചുടലയ്ക്കടുത്തെ പഞ്ചാരക്കുളത്ത് താമസിക്കുന്ന തൃക്കരിപ്പൂരിലെ തലയില്ലത്ത് ജാഫര്‍ (35) മറ്റു തട്ടിപ്പുകേസുകളിലും പങ്കാളിയാണെന്നാണ് പൊലിസ് പറയുന്നത്.

തൃക്കരിപ്പൂര്‍ പെട്രോള്‍ പമ്പിന് സമീപം സ്ഥലം ലീസിനെടുത്ത് മത്‌സ്യ, പച്ചക്കറി വില്‍പന ഷോപ്പ് ജാഫര്‍ ആരംഭിച്ചിരുന്നു. ഈ സ്ഥാപനത്തിലേക്കുള്ള മത്‌സ്യം വാങ്ങിയ വകയില്‍ തളിപറമ്പിലെ മൊത്ത മത്‌സ്യവിതരണക്കാരായ എം. എ. ആര്‍. ആന്‍ഡ് എം. എസ് സ്ഥാപനത്തിന് 2,40,000രൂപ ജാഫര്‍ നല്‍കാനുണ്ട്. ഇതു സംബന്ധിച്ചു ഈ സ്ഥാപന ഉടമകള്‍ ചന്തേര പൊലിസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് വാര്‍ഡംഗം മുസ്‌ലിം ലീഗുകാരനായ ഫയാസ് മധ്യസ്ഥത വഹിച്ച് പണം ഉടന്‍ നല്‍കാമെന്ന ധാരണയില്‍ കേസ് പിന്‍വലിക്കുകയായിരുന്നു. എന്നിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് എം. എ. ആര്‍. ആന്‍ഡ് എം. എസ് സ്ഥാപന ഉടമകള്‍ തളിപറമ്പ് പൊലിസിലും പരാതി നല്‍കിയിരുന്നു.
പാലക്കോട് കടപ്പുറത്തെ മത്‌സ്യ മൊത്ത വിതരണക്കാരന്‍ സലീമിന് ഒന്‍പതു ലക്ഷം രൂപ നല്‍കാതെ ഈയാള്‍ വഞ്ചിച്ചുവെന്നും പരാതിയുണ്ട്. നേരത്തെ ജാഫര്‍ വിലകൂടിയ റെന്‍ഡ് എ കാറുകള്‍ വാടകയ്‌ക്കെടുത്ത് തട്ടിപ്പു നടത്തിയതായും പരാതിയുണ്ട്. ഇതിനിടെ അറസ്റ്റു ചെയ്ത ജാഫറിനെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു. വ്യാജ സ്വര്‍ണലോക്കറ്റുകളാണ് ഈയാള്‍ ബാങ്കില്‍ പണയം വെച്ചത്. ഇതു കാസര്‍കോട്ടെ സുഹൃത്ത് നല്‍കിയതാണെന്നാണ് ജാഫറിന്റെ മൊഴി.
എന്നാല്‍ കൊടുത്തയാളുടെ മേല്‍വിലാസം കൈയിലില്ലെന്നും ജാഫര്‍ പറയുന്നു. ഫോണ്‍ നമ്പര്‍ എന്നുപറഞ്ഞു നല്‍കിയതില്‍ വിളിച്ചു നോക്കിയപ്പോള്‍ മറ്റൊരാളെയാണ് കിട്ടിയത്. ഈ സാഹചര്യത്തിലാണ് ആരാണ് സ്വര്‍ണ ലോക്കറ്റ് നിര്‍മിച്ചു നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി പൊലിസ് ഈയാളെ കസ്റ്റഡിയില്‍വാങ്ങുന്നത്.കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് ബാങ്കില്‍ ഇന്ന് പരിശോധന നടത്തി.
സ്വര്‍ണപണവുമായി ബന്ധപ്പെട്ട രേഖകളും മറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതേ സമയം തട്ടിപ്പിന് പുറകില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതിനെ കുറിച്ചും പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തന്റെ ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ ഒന്‍പതുപേരെ വ്യാജസ്വര്‍ണം പണയംവയ്ക്കാന്‍ ജാഫര്‍ ഉപയോഗിച്ചിരുന്നു.
എന്നാല്‍ എല്ലാതവണയും സ്വര്‍ണം പണയം വയ്ക്കാന്‍ ഇവരോടൊപ്പം ജാഫര്‍ എത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഒരോ തവണയും ഒരേ രീതിയിലുള്ള ആഭരണങ്ങളാണ് പണയം വെച്ചത്. അതിനാല്‍ ബാങ്ക് ജീവനക്കാര്‍ക്ക് സംശയമുണ്ടായില്ല. എന്നാല്‍ ഇത്രമാത്രം വ്യാജസ്വര്‍ണം പണയം വെച്ചു പണം തട്ടിയ സംഭവത്തില്‍ ബാങ്കിന് ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് പൊലിസ് വിലയിരുത്തല്‍.












Click it and Unblock the Notifications