താരത്തിന്റെ മരണകാരണം സാമ്പത്തിക പ്രതിസന്ധി?
ഹൈദരാബാദ്: തെലുങ്ക് സിനിമാ താരം ഉദയ് കിരണിന്റെ മരണത്തിന് പിന്നില്‍ സാമ്പത്തിക പ്രശ്‌നങ്ങളാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചു. ഉദയ് കിരണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഭാര്യ വിഷിദ, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്.
തന്റെ മുന്‍പത്തെ മാനേജരായ മുന്നയുമൊത്ത് ഉദയ് കിരണ്‍ ഒരു സിനിമ ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് പാതിവഴിയില്‍ നിലച്ചു. ഈ പ്രോജക്ടില്‍ ഉദയ് കിരണിന് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് സിനിമയുടെ ചിത്രീകരണം മുടങ്ങിയത്. പത്ത് ദിവസം മുന്‍പ് ഉദയ് കിരണ്‍ മുന്നയെ കാണാന്‍ പോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സിനിമ പാതിവഴിയില്‍ നിന്നുപോയത് ഉദയ് കിരണിനെ മാനസികമായി തളര്‍ത്തി എന്ന് കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഭാര്യയുടെ ശമ്പളം കൊണ്ടാണ് ഇവര്‍ കഴിഞ്ഞിരുന്നതത്രെ. മറ്റ് പല പ്രൊഡ്യൂസര്‍മാരും ഉദയ് കിരണിനെ വെച്ചുള്ള പ്രോജക്ടുകള്‍ ക്യാന്‍സല്‍ ചെയ്യുകയും അഡ്വാന്‍സ് തുക തിരിച്ചുവാങ്ങുകയും ചെയ്തിരുന്നത്രെ.
ഭാര്യ തന്നെ വിട്ടുപോയിക്കളയും എന്നൊരു പേടി ഉദയ് കിരണിന് ഉണ്ടായിരുന്നത്രെ. ഞായറാഴ്ച ഉദയ് കിരണും ഭാര്യ വിഷിദയും തമ്മില്‍ വഴക്കുണ്ടാകുകയും തന്നെക്കുറിച്ച് ഇനി ചിന്തിക്കേണ്ടെന്ന് താരം ഭാര്യയോട് പറയുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രിയാണ് ഉദയ് കിരണിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications