മോഡി ഇഫക്ട്: സല്ലുവിന്റെ ജയ് ഹോയ്ക്ക് ആളില്ലെന്ന്
ഹൈദരാബാദ്: നരേന്ദ്രമോഡിയുടെ കൈ പിടിച്ച ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ ജയ് ഹോയ്ക്ക് ആള് കയറുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡിയെ പ്രശംസിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്. ഇതാദ്യമായാണത്രെ ഒരു സല്‍മാന്‍ ചിത്രത്തിന് ആദ്യദിവസങ്ങളില്‍ ഇത്രയും തണുത്ത പ്രതികരണം ഉണ്ടാകുന്നത്.
വെള്ളിയാഴ്ചയാണ് സല്‍മാന്‍ പുതിയ ചിത്രമായ ജയ് ഹോ റിലീസായത്. വന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ചിത്രത്തിന് തീയറ്റുകളില്‍ പക്ഷേ തണുത്ത പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മെട്രോ നഗരങ്ങളിലെ മള്‍ട്ടിപ്ലക്‌സുകളില്‍ 30 ശതമാനം മുതല്‍ 40 ശതമാനം വരെ സീറ്റുകളില്‍ മാത്രമാണ് ആളുള്ളത്. സല്‍മാന്‍ ചിത്രങ്ങളുടെ ആദ്യദിവസങ്ങള്‍ തീയറ്ററുകള്‍ നിറഞ്ഞുകവിയുകയാണ് പതിവ്.

സല്‍മാന്‍ ഖാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കൊപ്പം വേദി പങ്കിട്ടതും മോഡിയെ പുകഴ്ത്തി സംസാരിച്ചതും മുസ്ലിങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ഹൈദരാബാദ് എം പിയായ അസാദുദീന്‍ ഒവൈസി സല്‍മാനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. രാജ്യത്തെ യുവാക്കള്‍ സല്‍മാനെപ്പോലെയുള്ളവരെ നായകരായി കാണുന്നവരാണ്. എന്നാല്‍ എന്താണ് അവര്‍ ചെയ്യുന്നത്. സല്‍മാന്‍ പറത്തുന്ന പട്ടത്തിന്റെ ചരട് ദൈവം അരിഞ്ഞുവീഴ്ത്തും.
മുസാഫിര്‍ നഗര്‍ കലാപത്തിനിരയായവരെ സന്ദര്‍ശിക്കാതെ സൈഫായ് ഫെസ്റ്റിവലില്‍ സല്‍മാന്‍ ഖാന്‍ പങ്കെടുത്തതും വന്‍ വിവാദമായിരുന്നു. ഈ സംഭവത്തോടെ സല്‍മാന്‍ ഖാന്റെ സിനിമ കാണുന്നത് നിര്‍ത്തിയെന്ന് ആരാധകര്‍ പറയുന്നു. എന്നാല്‍ രാഷ്ട്രീയവും സിനിമയും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സല്‍മാനോട് അടുത്ത വൃത്തങ്ങള്‍ വാദിക്കുന്നത്.












Click it and Unblock the Notifications