വീടിനു മുന്നില്‍ മൂത്രമൊഴിച്ച നാലു വയസുകാരനെ അയല്‍വാസി അടിച്ചുകൊന്നു
ഹൈദരാബാദ്: വീടിനു മുന്നില്‍ മൂത്രമൊഴിച്ചെന്ന കുറ്റത്തിന് നാലു വയസുകാരനെ അയല്‍വാസിയായ സ്ഥലമുടമ അടിച്ചു കൊന്നു. ആന്ധ്രാ പ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ പേഡ ഹോത്തൂര്‍ ഗ്രാമത്തിലെ വിനോദ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. അയല്‍വാസിയായ ചിന്ന തിപ്പണ്ണയാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് വിനോദിന്റെ പിതാവ് ഗംഗാധര്‍ പോലീസിനോട് പറഞ്ഞു.
രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. കുട്ടി എഴുന്നേറ്റശേഷം അടുത്ത പറമ്പില്‍ മൂത്രമൊഴിച്ചതായി പറയുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ചിന്ന തിപ്പണ്ണ കുട്ടിക്കടുത്തെത്തി ശകാരിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ മാതാപിതാക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഉടന്‍ ഗംഗാധര്‍ പോലീസിന് പരാതി നല്‍കിയെങ്കിലും കുറ്റക്കാരനായ ചിന്ന തിപ്പണ്ണ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. അതിനിടെ, പ്രതിയെ പോലീസ് രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്തു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
ചെറിയ കുട്ടികളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം നേരത്തയും ഇന്ത്യയിലെ പലയിടത്തും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുട്ടികളുടെ രക്ഷിതാക്കള്‍ പാവപ്പെട്ട ഗ്രാമീണരായതുകൊണ്ടുതന്നെ ഇത്തരം കേസുകളില്‍ പോലീസ് സമയോചിതമായി ഇടപെടാറില്ല.












Click it and Unblock the Notifications