പുതിയ സംസ്ഥാനത്തിന് പേര് സോണിയാതെലങ്കാന
ദില്ലി: രാജാവിനെക്കാള്‍ വലിയ രാജഭക്തിക്ക് പേരുകേട്ടവരാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍. അപ്പോള്‍ പിന്നെ രാജാവും കടന്ന് ദൈവപദവിയില്‍ എത്തിനില്‍ക്കുന്ന സോണിയാ ഗാന്ധിയുടെ കാര്യത്തിലാകുമ്പോള്‍ പറയാനുമുണ്ടോ. ആന്ധ്രപ്രദേശിനെ വെട്ടിമുറിച്ച് രണ്ടാക്കിമാറ്റുന്നതില്‍ ഒരു സംസ്ഥാനത്തിന് സോണിയാ ഗാന്ധിയുടെ പേര് നല്‍കണം എന്നാണ് മുന്‍ മന്ത്രി കൂടിയായ ഒരു സോണിയാ ഭക്തന്റെ ആവശ്യം.
സംഗതി തമാശയല്ല, തെലങ്കാന രൂപീകരിക്കാന്‍ വേണ്ടി മുന്‍കൈയ്യെടുത്ത സോണിയാ ഗാന്ധിയെ ആദരിക്കാനാണ് അവരുടെ പേര് സംസ്ഥാനത്തിന് നല്‍കണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുന്നത്. സോണിയാതെലങ്കാന എന്ന പേരാണ് ഇതിന് യോജിച്ചതെന്നും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് ഐയുടെ സീനിയര്‍ നേതാവുമായ പി ശങ്കര്‍ റാവു പറയുന്നു.

തെലങ്കാന രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ ജീവന്‍ കളയാതെ കാത്തത് സോണിയാ ഗാന്ധിയാണ്. സോണിയാ ഗാന്ധി തെലങ്കാന രൂപീകരണത്തിന് മുന്‍കൈയ്യെടുത്തില്ലെങ്കില്‍ വീണ്ടും ആളുകള്‍ മരിക്കുമായിരുന്നു. കഴിഞ്ഞ രണ്ടരമാസമായ ഒരാള്‍ പോലും തെലങ്കാന വിഷയത്തില്‍ ആത്മഹത്യ ചെയ്തിട്ടില്ല - റാവു പറയുന്നു.
തെലുങ്കാനയുടെ അമ്മ എന്നാണ് സോണിയാ ഭക്തി മൂത്ത റാവു മാഡത്തെ വിളിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷയുടെ കൂറ്റന്‍ പ്രതിമ ഡിസംബര്‍ മാസത്തില്‍ ഹൈദരാബാദില്‍ സ്ഥാപിക്കാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്. നേരത്തെ കരിംനഗറില്‍ സോണിയാ ഭക്തരായ ഒരുകൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ യു പി എ അധ്യക്ഷയ്ക്ക് ക്ഷേത്രം പണിതിരുന്നു.












Click it and Unblock the Notifications