ഉദയ് കിരണിന്റെ ആരാധകന്‍ തൂങ്ങിമരിച്ചു
ഹൈദരാബാദ്: തെലുങ്ക് നടന്‍ ഉദയ് കിരണിന്റെ മരണത്തില്‍ മനംനൊന്ത് ഒരു ആരാധകന്‍ ആത്മഹത്യ ചെയ്തു. എന്‍ സതീഷ് എന്ന പത്തൊമ്പതുകാരനാണ് മരിച്ചത്. ബോബില്ലി സബ് ഡിവിഷനിലെ ഒരു മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉദയ് കിരണ്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത അറിഞ്ഞതുമുതല്‍ ഇയാള്‍ കടുത്ത വിഷാദത്തിലായിരുന്നത്രെ. സതീഷിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. ഇയാളുടെ കുപ്പായത്തിന്റെ കീശയില്‍ നിന്നും ഒരു ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.

പ്രിയതാരത്തിന്റെ മരണത്തില്‍ മനംനൊന്ത് താന്‍ ആത്മഹത്യ ചെയ്യുന്നു എന്നായിരുന്നു കുറിപ്പില്‍. തെലുങ്കിലാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നത്. ഗജാപതി നഗരം പോലീസ് കേസെടുത്തു. യുവാവിന്റെ മരണത്തിന് പിന്നില്‍ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ജനുവരി അഞ്ചിനാണ് തെലുങ്കിലെ പ്രശസ്ത നടനായ ഉദയ് കിരണ്‍ സ്വവസതിയില്‍ തൂങ്ങിമരിച്ചത്. സാമ്പത്തിക പ്രയാസങ്ങളില്‍പ്പെട്ട് ഉദയ് കിരണ്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
തുടര്‍ച്ചയായ മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച് കിരണിന് അടുത്ത കാലത്തായി നല്ല സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തമായി നിര്‍മിക്കുന്ന സിനിമ പാതിവഴിയില്‍ മുടങ്ങിയതും ഉദയ് കിരണിനെ പ്രതിസന്ധിയിലാക്കിരുന്നു.












Click it and Unblock the Notifications