നീലക്കുറിഞ്ഞി സീസണില്‍ രാജമല സന്ദര്‍ശിച്ചത് 1.3 ലക്ഷം സഞ്ചാരികള്‍:
മൂന്നാര്‍: നീലക്കുറിഞ്ഞി സീസണില്‍ രാജമലയില്‍ 1.3 ലക്ഷം വിനോദ സഞ്ചാരികള്‍ എത്തി. സെപ്റ്റംബര്‍, ഓക്ടോബര്‍ മാസങ്ങളില്‍ ആകെ 1,34,957 പേരാണ് രാജമലയില്‍ എത്തിയത്. സെപ്റ്റംബറില്‍ 55,443 പേരും ഒക്ടോബറില്‍ 79,514 പേരും രാജമല സന്ദര്‍ശിച്ചു. സാധരണ ഒക്ടോബര്‍ മുതല്‍ ജനുവരിവരെയുള്ള മാസങ്ങളിലാണ് രാജമല സന്ദര്‍ശിക്കാന്‍ കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത്. നീലകുറിഞ്ഞി സീസണ് പ്രമാണിച്ച് ഒരുമാസം മുമ്പുമുതല്‍ സഞ്ചാരികള്‍ കൂടുതലായി എത്തി തുടങ്ങിയതായാണ് കണക്കുകള്‍. കുറിഞ്ഞി സീസണ് പടിയിറങ്ങിയെങ്കിലും രാജമലയിലേക്ക് ധാരാളമായിതന്നെ സഞ്ചാരികള്‍ എത്തുന്നു. പ്രളത്തെ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികള്‍ കുറവാണെങ്കിലും നിലവില്‍ ശരാരശരി 2000 മുതല്‍ 2500 വരെ വിനോദസഞ്ചാരികള്‍ രാജമലയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും പ്രളയത്തെ തുടര്‍ന്ന സന്ദര്‍ശനം നത്താന്‍ കഴിയാതെ വരികയും ചെയ്ത വിനോദ സഞ്ചാരികള്‍ക്ക് പുതിയ തിയതികളില്‍ സന്ദര്‍ശനത്തിനായി ടിക്കറ്റുകള്‍ പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിനോദ സഞ്ചാരികള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ടിക്കറ്റുകള്‍ പുതുക്കി നല്കി വരുന്നതായും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് ലക്ഷി ആര് പറഞ്ഞു.അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച വിസിറ്റേഴ്സ് ലോഞ്ച് സംവിധാനം സഞ്ചാരികള്‍ക്ക് ഏറെ ഗുണം ചെയ്തു, വെയിലും മഴയും ഏല്ക്കാതെ വിശ്രമിക്കാനുള്ള ഇടം എന്ന നിലയില്‍ വിസിറ്റേഴ്സ് ലോഞ്ച് സൗകര്യം സഞ്ചാരികള്‍ക്ക് ഉപയോഗിക്കാം, ഏറെ നേരം ക്യൂ നില്‍ക്കുന്നതടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും പുതിയ സീസണില്‍ സാധിച്ചു,ബയോ ടോയിലറ്റ്,കുടിവെള്ളം, വാഹന പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങളും കൂടുതലായി ഒരുക്കി. രാജമലയിലേക്കുള്ള ബസുകളുടെ എണ്ണം ഏഴില്‍ നിന്നും പത്തായി ഉയര്‍ത്തിയെന്നും വൈല്‍ഡ് ലൈഫ് വാര്ഡന് പറഞ്ഞു.
രാജമലയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമത്തിനുശേഷം ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് വനം വകുപ്പിന്റെ വാഹനത്തില്‍ രാജമലയിലേക്ക് സന്ദര്‍ശനത്തിനായി പോകാന്‍ കഴിയുംവിധമാണ് പുതിയ ക്രമീകരണം.രാജമലയിലേക്കുള്ള 75 ശതമാനം ബുക്കിംങ്ങും ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്. ബാക്കി വരുന്ന ടിക്കറ്റുകള്‍ നേരിട്ട് രാജമല സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കായി മാറ്റി വെച്ചിരിക്കുന്നു. 160 തോളം ജീവനക്കാര്‍ ചേര്‍ന്നാണ് രാജമലയിലെ അനുദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് സന്ദര്‍ശനത്തിനുള്ള പാസ് അനുവദിക്കുക. സ്വദേശിയര്‍ക്ക് 120 രൂപയും, വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും 90 രൂപയുമാണ് നിരക്ക്. വിദേശിയര്‍ക്ക് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാവിലെ ഏഴു മുതല്‍ വൈകിട്ട് 4 വരെയാണ് രാജമലയില്‍ സന്ദര്ശനനുമതിയുള്ളത്. രണ്ടു മണിക്കൂറാണ് രാജമലയില്‍ ചിലവഴിക്കാനുള്ള സമയം. സഞ്ചാരികളുടെ കണ്ണിനു കുളിര്‍മയേകാന്‍ 700 ലധികം വരയാടുകള്‍ ഇപ്പോള്‍ രാജമലയില്‍ ഉണ്ടെന്നാണ് കണക്കുകള്‍. മൂന്നാര്‍ തണുത്തു തുടങ്ങിയതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ഇവിടേക്ക് എത്തുന്നവര്‍ക്ക് രാജമല കൂടുതല്‍ ആസ്വാദ്യകരമായി തീരും.