ഇടുക്കിയില്‍ നിന്ന് ഞായറാഴ്ച ദീര്‍ഘദൂരം ഒഴികെയുള്ള ബസുകള്‍ ഉണ്ടാകില്ല; ഇന്ന് 868 പേര്‍ക്ക് കൊറോണ
ഇടുക്കി: ജില്ലയില്‍ നിന്നും സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര സര്‍വീസ് ഒഴികെയുളള സ്വകാര്യ ബസുകള്‍ ഞായറാഴ്ച സര്‍വ്വീസ് നിറുത്തിവയ്ക്കേണ്ടതാണെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കൂടാതെ ഏപ്രില്‍ 26 മുതല്‍ മെയ് 7 വരെ തൊടുപുഴ സബ് ആര്‍.ടി.ഓഫീസില്‍ ഡ്രൈവിങ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതല്ല.

ശനി, ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം രാത്രി 7.30 വരെ ആയിരിക്കും. എന്നാല്‍ ഹോട്ടല്‍, റെസ്റ്റോറന്റ് പോലെ ഉള്ളിടത്ത് 7.30 യ്ക്ക് ശേഷം10 മണി വരെ പാര്‍സല്‍ അനുവദിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളു. സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ക്ക് നാളെ ഒരു അവധിയാണ്. അടിയന്തിര യാത്രക്കാര്‍, രോഗികള്‍, പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ പോകുന്ന ഒരാള്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കണം.
തിരഞ്ഞെടുപ്പ്, പരീക്ഷ, കോവിഡ് അനുബന്ധ ചുമതലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് യാത്രാ വിലക്ക് ഇല്ല. നാളെ നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ തടസ്സമുണ്ടാകാതിരിക്കാന്‍ ബസുകള്‍ സര്‍വ്വീസ് നടത്തണം. കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ ഈ ദിവസങ്ങളില്‍ നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍ 75 പേര്‍ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്.
അതേസമയം, ജില്ലയില്‍ 868 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.34 ആണ് പോസിറ്റിവിറ്റി നിരക്ക്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 18 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 227 പേര്‍ കോവിഡ് രോഗമുക്തി നേടി.












Click it and Unblock the Notifications