'ദേവികുളത്ത് നിന്നും എൽഡിഎഫ് ഇക്കുറി മത്സരിപ്പിക്കുന്നത് മറ്റൊരഭിമന്യുവിനെ', എഎ റഹീമിന്റെ കുറിപ്പ്
ഇടുക്കി: ദേവികുളത്ത് ഇക്കുറി ഒരു പുതുമുഖത്തെ ആണ് ഇടതുപക്ഷം നിയമസഭാ തിരഞ്ഞെടുപ്പിൽ കളത്തിലിറക്കിയിരിക്കുന്നത്. അഡ്വക്കേറ്റ് എ രാജ. തോട്ടം തൊഴിലാളികളുടെ മകനായി ജനിച്ച് നിയമസഭയിലേക്കുളള വഴിയിൽ എത്തി നിൽക്കുന്ന എ രാജയെ കുറിച്ച് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ എഎ റഹീം പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. മറ്റൊരു അഭിമന്യു ആണ് രാജ എന്നാണ് എഎ റഹീം പറയുന്നത്.
എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' അഭിമന്യുവിനെ അറിയില്ലെ,
വട്ടവടയിലെ മലമുകളിൽ നിന്നും പഠിക്കാൻ വന്നവൻ. കഠിനമായ ജീവിത വഴികൾ താണ്ടുന്ന അഭിമന്യുമാരെ കുറിച്ച് നമ്മൾ അന്ന് സംസാരിച്ചതാണ്. അതിൽ ഒരാളാണ് സ രാജ.ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം. വട്ടവട ഉൾപ്പെടുന്ന ദേവികുളം മണ്ഡലത്തിൽ നിന്നും നിയമ സഭയിലേക്ക് എൽഡിഎഫ് ഇക്കുറി മത്സരിപ്പിക്കുന്നത് മറ്റൊരഭിമന്യുവിനെയാണ്. മൂന്നാറിൽ നിന്നും ഇരുപത്താറു കിലോമീറ്റർ അകലെ തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന കുണ്ടള എന്ന ഗ്രാമം. അവിടെ തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടുങ്ങിയ ലയങ്ങൾ.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

അതിൽ ഒരു ലയത്തിൽ ജനിച്ചവൻ. ദാരിദ്ര്യം നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പൊരുതി ജീവിച്ചവർ. അവൻ പഠിച്ചു അഭിഭാഷകനായി. പഠിക്കാനും പ്രതിസന്ധികളിൽ പതറാതെ നടക്കുവാനും രാജയ്ക്ക് തണലായത് ഡിവൈ എഫ് ഐ യും സി പി ഐ എമ്മുമാണു. അഛനും അമ്മയും ഇപ്പോഴും തോട്ടം തൊഴിലാളികൾ തന്നെ. ഞങ്ങളുടെ കമ്മിറ്റിയിലെ ഏവർക്കും പ്രിയപ്പെട്ട സഖാവ്. മികച്ച സംഘാടകൻ.
മൂന്നാർ പെട്ടിമുടി ദുരന്ത സ്ഥലത്തു ആദ്യമായി എത്തിയ പൊതു പ്രവർത്തകൻ രാജയാണ്. ദൃശ്യമാധ്യമങ്ങളിലൂടെ ആദ്യമായി ദുരന്തത്തിന്റെ വ്യാപ്‌തി ലോകത്തെ അറിയിച്ചതും രാജയായിരുന്നു. പെട്ടിമുടിയിലേക്ക് ദിവസങ്ങൾക്ക് ശേഷം ഞാനുൾപ്പെടുന്ന ഡി വൈ എഫ് ഐ സംഘം അവിടം സന്ദർശിക്കാൻ ചെന്നു. അപ്പോൾ മലയിറങ്ങിയ മാധ്യമങ്ങൾക്കൊപ്പം 'രക്ഷാ പ്രവർത്തനത്തിനെത്തിയ' എല്ലാവരും മടങ്ങി കഴിഞ്ഞിരുന്നു. അപ്പോഴും കണ്ടെത്തിയിട്ടില്ലാത്ത മൃദ ശരീരങ്ങൾ തിരയാൻ രാജയുടെ നേതൃത്വത്തിൽ ഡി വൈ എഫ് ഐ സഖാക്കൾ പ്രകൃതി തകർത്തെറിഞ്ഞ ആ മലമുകളിൽ തന്നെയുണ്ടായിയുന്നു. എല്ലാം നഷ്ടപെട്ടവർക്കിടയിൽ.
റീ സൈക്കിൾ കേരളയിലും രാജ വിസ്മയം തീർത്തു. ആക്രി പെറുക്കിയും പണിയെടുത്തും രാജയും സഖാക്കളും മൂന്നാറിൽ നിന്നും ശേഖരിച്ചത് രണ്ട് ലക്ഷത്തി പതിനായിരം രൂപയാണ്. അഭിമാനമാണ് രാജ. എൻ ഡി എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. കോണ്‍ഗ്രസ്സ് ബിജെപി സഖ്യത്തെ ഇവിടത്തെ നല്ല മനുഷ്യര് തോല്പിക്കും. രാജ നിയമ സഭയിൽ എത്തുമ്പോൾ ജയിക്കുന്നത് ഒരു ജനതയാണ്. പ്രതിസന്ധികളോട് പൊരുതി പഠിക്കുന്ന അഭിമന്യുമാരാണ് ജയിക്കുന്നത്. അടിമാലിയിൽ നടന്ന യുവജന റാലിയിൽ പങ്കെടുത്തു. രാജയ്‌ക്കായി വോട്ട് അഭ്യർഥിച്ചു''.












Click it and Unblock the Notifications