ഇറക്കിവിട്ട സ്ഥലത്തേക്ക് തിരിച്ചെത്തി അരിക്കൊമ്പന്‍; ചിന്നക്കനാലില്‍ തിരിച്ചെത്തുമോ
കുമളി: ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് തിരിച്ചെത്തി അരിക്കൊമ്പന്‍. പെരിയാറിലെ സീനിയര്‍ ഓട എന്ന ഭാഗത്തേക്കാണ് ഇപ്പോള്‍ അരിക്കൊമ്പനുള്ളത്. നാല് ദിവസം മുമ്പാണ് അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെ വനമേഖലയിലേക്ക് പ്രവേശിച്ചത്. വനപാലകര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന വനപാലകര്‍ ഓടിരക്ഷ്‌പെടുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് അരിക്കൊമ്പന്‍ മേഘമലയില്‍ തമ്പടിച്ചിരുന്നു. ഇതേ തുടര്‍ന്ന് മേഖമലയില്‍ തമിഴ്‌നാട് വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. ആന പെരിയാര്‍ വന്യജീവി സങ്കേതത്തിലാണെങ്കിലും മടങ്ങിവരാനുള്ള സാധ്യത തമിഴ്‌നാട് തള്ളിക്കളയുന്നില്ല. അതുകൊണ്ട് നിരീക്ഷണത്തിന് നിയോഗിച്ച സംഘത്തോട് അവിടെ തുടരാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം, തമിഴ്‌നാട്ടില്‍ ഭീതി അരിക്കൊമ്പന്‍ വലിയ ഭീതിയാണ് സൃഷ്ടിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടിലെ മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട തകര്‍ക്കാന്‍ ശ്രമിച്ചു. റേഷന്‍ കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തെങ്കിലും അരി എടുക്കാനായില്ല. ഇതോടെ അരിക്കൊമ്പന്‍ വനത്തിലേക്ക് തന്നെ തിരിച്ചുപോവുകയും ചെയ്തു. തകരഷീറ്റ് കൊണ്ടായിരുന്നു ഇവിടത്തെ റേഷന്‍ കടയുടെ ജനല്‍ മറച്ചിരുന്നത്. ഇത് അരിക്കൊമ്പന്‍ കുത്തിപ്പൊളിക്കുകയായിരുന്നു.
നേരത്തെ കേരളത്തിലെ ചിന്നക്കനാലില്‍ നിരവധി റേഷന്‍ കടകള്‍ അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു. അരിയാണ് ഇഷ്ടഭക്ഷണം. അതിനാലാണ് അരിക്കൊമ്പന്‍ എന്ന പേര് വീണത്. നിരവധി പരാതികള്‍ ഉയര്‍ന്നതിന് ശേഷമാണ് അരിക്കൊമ്പനെ വനം വകുപ്പ് ചിന്നക്കനാലില്‍ നിന്ന് മാറ്റിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനം വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെ അരിക്കൊമ്പന്‍ തിരിച്ച് ചിന്നക്കനാലിലേക്ക് എത്തുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു.
12 ഓളം പേരെ കൊന്നിട്ടുള്ള അരിക്കൊമ്പന്‍ ചിന്നക്കനലാലിലെ ജനവാസ മേഖലയില്‍ വലിയ നാശനഷ്ടമാണ് സൃഷ്ടിച്ച് കൊണ്ടിരുന്നത്. നിരവധി തവണ റേഷന്‍ കടകളും അരിക്കൊമ്പന്‍ തകര്‍ത്തിട്ടുണ്ട്. ചിന്നക്കനാലിലേക്ക് തന്നെ അരിക്കൊമ്പന്‍ തിരിച്ചെത്താനുള്ള സാധ്യത വനം വകുപ്പ് നേരത്തെ കണ്ടിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അരിക്കൊമ്പന്‍ തമിഴ്നാട് വനാതിര്‍ത്തിയില്‍ തന്നെ തുടരാനാണ് സാധ്യത.
അരിക്കൊമ്പന്റെ നിരീക്ഷണത്തിനായി 40 പേരടങ്ങുന്ന സംഘത്തെ തമിഴ്നാട് വനംവകുപ്പ് നിയോഗിച്ചിരുന്നു. മേഖലയില്‍ ജനങ്ങള്‍ രാത്രിയാത്ര ഒഴിവാക്കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് പെരിയാര്‍ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.












Click it and Unblock the Notifications