"ഇടുക്കിയിലെ പച്ചക്കറി വില മനുഷ്യനെ പച്ചയ്ക്ക് കൊല്ലുന്നത്"; പ്രതിസന്ധിയാണ് സാറേ ഇത്...
"ഇടുക്കിയിലെ പച്ചക്കറി വില മനുഷ്യനെ പച്ചയ്ക്ക് കൊല്ലുന്നത്"; പ്രതിസന്ധിയാണ് സാറേ ഇത്...
ഇടുക്കി: ഇടുക്കി തൊടുപുഴയിലെ പച്ചക്കറിയുടെ വിപണി വിലകൾ സാധാരണ മനുഷ്യനെ പച്ചയ്ക്ക് കൊല്ലുന്ന അവസ്ഥയിലാക്കും. നിത്യ ഉപയോഗത്തിനായി നാം നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പച്ചക്കറികൾക്കാണ് പ്രതീക്ഷിക്കാത്ത തരത്തിൽ വില ഉയരുന്നത്. ഇത്തരത്തിൽ ജില്ലയിൽ ഉയരുന്ന പച്ചക്കറിയുടെ വില വർദ്ധവ് ഉപയോക്താക്കളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്.

അതേസമയം, ഒരു കിലോ തക്കാളിക്ക് 80 രൂപയാണ് തൊടുപുഴയിൽ വില. കാരറ്റിന് 70 മുതൽ 80 രൂപ വരെ. ഉരുള ക്കിഴങ്ങിനും സവാളയ്ക്കും 50 രൂപയായി ഉയർന്നു. നിലവിൽ പച്ചക്കറി വിപണിയിലെ വിലക്കയറ്റം കണ്ട് പകച്ചു നിൽക്കുകയാണ് ജനം. രണ്ടാഴ്ചയ്ക്കിടെ മാത്രം അത്യാവശ്യ പച്ചക്കറികൾ ഉൾപ്പെടെ പലതിനും വില ഉയരുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനവും പല സംസ്ഥാനങ്ങളിലും ഉണ്ടായ കനത്ത മഴയുമാണ് ഇപ്പോഴത്തെ ഈ വില വർധനയ്ക്ക് പ്രധാന കാരണമായി പറയുന്നത്.

ബീൻസ്, വെണ്ടയ്ക്ക, പാവയ്ക്ക, മുരിങ്ങ, പയർ തുടങ്ങി പല ഇനങ്ങൾക്കും വില നല്ല രീതിയിൽ തന്നെ ഉയർന്നിട്ടുണ്ട്. എന്നാൽ, ദീപാവലിക്ക് ശേഷം പച്ചക്കരിയുടെ വില വിപണിയിൽ കുറയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇതിന് വിപരീതമായ രീതിയിലുളള തിരിച്ചടിയായിരുന്നു ഫലത്തിൽ ഉണ്ടായത്. പല പച്ചക്കറികൾക്കും നിലവിൽ വിപണിയിൽ വില കുതിച്ച് പോകുകയാണ്.

കോവിഡ് പ്രതിസന്ധിയിൽ നിന്ന് പതിയെ കരകയറാനുള്ള ശ്രമത്തിനിടെയാണ് ജനത്തിന് ഇരുട്ടടിയായി പാചകവാതകം, ഇന്ധനം, പച്ചക്കറി തുടങ്ങി എല്ലാറ്റിനും വില കുതിച്ചുയരുന്നത്. വിലക്കയറ്റം കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുകയാണ്. പച്ചക്കറി വില വർധന ഹോട്ടൽ ഉടമകളെയും പ്രതിസന്ധിയിൽ ആക്കുന്നു. എന്നാൽ, വില കൂടിയതോടെ വിൽപന കുറഞ്ഞതായി പച്ചക്കറി വ്യാപാരികൾ പറയുന്നു. ജില്ലയിലെ പല സ്ഥലങ്ങളിലും പച്ചക്കറികൾക്ക് 5 മുതൽ 20 രൂപ വരെ വിലയിൽ വ്യത്യാസമുണ്ട്.
Recommended Video

തൊടുപുഴയിലെ ഇന്നലത്തെ പച്ചക്കറി വില കിലോയ്ക്ക് ഇങ്ങനെ;
ബീൻസ്: 50
കാരറ്റ്: 70 മുതൽ 80 വരെ
തക്കാളി: 80
വെണ്ടയ്ക്ക: 60
പാവയ്ക്ക: 70
കോവയ്ക്ക-50
വഴുതനങ്ങ: 50 മുതൽ 60 വരെ
കോളി ഫ്ലവർ: 60
കാബേജ്: 40
ബീറ്റ്റൂട്ട്: 40 മുതൽ 50 വരെ
ഉരുളക്കിഴങ്ങ്: 50
ചുവന്നുള്ളി : 50 മുതൽ 60 വരെ
സവാള: 50
മുരിങ്ങ: 120
പടവലങ്ങ: 48
മത്തങ്ങ: 25
വെള്ളരിക്ക: 30
ഇഞ്ചി: 60
പച്ചമുളക്: 48
വള്ളിപ്പയർ: 60 എന്നിങ്ങനെയാണ്.












Click it and Unblock the Notifications