ബിഗ് ബോസ് താരം പരീക്കുട്ടി അറസ്റ്റില്‍; കാറില്‍ എംഡിഎംഎ, എക്‌സൈസിനെ തടഞ്ഞ് പിറ്റ്ബുള്‍ നായയും!
ഇടുക്കി: ബിഗ് ബോസ് മത്സരാര്‍ത്ഥിയും നടനുമായ പരീക്കുട്ടി എക്‌സൈസ് പിടിയില്‍. എം ഡി എം എ, കഞ്ചാവ് എന്നീ മയക്കുമരുന്നുകളുമായാണ് പരീക്കുട്ടിയും സുഹൃത്തും പിടിയിലായത്. മൂലമറ്റം എക്സൈസ് സംഘമാണ് പരീക്കുട്ടി എന്ന ഫരീദുദ്ദീനേയും കൂട്ടാളിയേയും പിടികൂടിയത്. ഇവരില്‍ നിന്ന് 230 മില്ലി ഗ്രാം എം ഡി എം എയും നാല് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു എന്നാണ് വിവരം.
എറണാകുളം കുന്നത്തുനാട് വെങ്ങോല സ്വദേശിയാണ് പരീക്കുട്ടി. കോഴിക്കോട് വടകര കാവിലുംപാറ കൊയിലോംചാല്‍ പെരിമാലില്‍ വീട്ടില്‍ ജിസ്മോന്‍ (34) എന്നയാളാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായ മറ്റൊരാള്‍. ശനിയാഴ്ച ഉച്ചയ്ക്ക് പുള്ളിക്കാനം എസ് വളവില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് ഇവരുടെ വാഹനത്തില്‍ നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തിട്ടുണ്ട് എന്ന് എക്‌സൈസ് സംഘം അറിയിച്ചു. കാറിനുള്ളില്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നു എന്നും അതിനാല്‍ ഏറെ കഷ്ടപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ പ്രതികളെ അറസ്റ്റ് ചെയ്തത് എന്നുമാണ് വിവരം. വാഹനത്തില്‍ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു എന്നും അവര്‍ക്ക് സംഭവവുമായി ബന്ധമില്ലാത്തതിനാല്‍ കേസില്‍ നിന്നൊഴിവാക്കിയിട്ടുണ്ട് എന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പിടിയിലാകുന്ന സമയത്തും പരീക്കുട്ടിയും ജിസ്‌മോനും എം ഡി എം എ ഉപയോഗിച്ചിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. വാണിജ്യാവശ്യത്തിന് ഉപയോഗിക്കപ്പെടുന്ന അളവില്‍ ഉള്ള എം ഡി എം എ ആണ് പിടികൂടിയിരിക്കുന്നത്. ലക്ഷങ്ങള്‍ ആണ് ഇതിന് വിപണിയില്‍ ലഭിക്കുന്ന വില എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും എന്നാണ് വിവരം. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ്‌സ്, ചങ്ക്‌സ്, ഒരു അഡാര്‍ ലൗ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് പരീക്കുട്ടി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലാണ് മത്സരാര്‍ത്ഥിയായി എത്തിയത്.












Click it and Unblock the Notifications