വോട്ട് ചെയ്യാന്‍ സഹായിയെ കിട്ടുക ആര്‍ക്കെല്ലാം? ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാന്‍ സാധിക്കുന്നവര്‍...
ഇടുക്കി: കാഴ്ചപരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകര്‍ക്ക് സ്വയം വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ സഹായിയെ അനുവദിക്കും. വോട്ട് ചെയ്യുന്നതിന് വോട്ടര്‍ നിര്‍ദ്ദേശിക്കുന്ന സഹായിയെയാണ് അനുവദിക്കുക. ഇയാള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. പ്രത്യക്ഷത്തില്‍ കാഴ്ചക്ക് തകാരാറുള്ള സമ്മതിദായകരോട് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നങ്ങള്‍ വേര്‍തിരിച്ച് അറിഞ്ഞോ ബ്രയില്‍ ലിപി സ്പര്‍ശിച്ചോ വോട്ട് ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചറിഞ്ഞ ശേഷമായിരിക്കും സഹായിയെ അനുവദിക്കുക. സ്ഥാനാര്‍ത്ഥിയെയോ പോളിംഗ് ഏജന്റിനെയോ സഹായിയായി അനുവദിക്കില്ല.

പ്രിസൈഡിംഗ് ഓഫീസറോ മറ്റേതെങ്കിലും പോളിംഗ് ഓഫീസറോ വോട്ട് രേഖപ്പെടുത്തുന്ന സ്ഥലത്തേക്ക് പോകാന്‍ പാടില്ല. സമ്മതിദായകന് വേണ്ടി രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച് കൊള്ളാമെന്നും അന്നേ ദിവസം ഏതെങ്കിലും പോളിംഗ് സ്റ്റേഷനില്‍ മറ്റേതെങ്കിലും സമ്മതിദായകന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ പ്രഖ്യാപനം സഹായി നിര്‍ദ്ദിഷ്ട ഫോറത്തില്‍ നല്‍കണം. ഇത്തരത്തിലുള്ള രേഖ 22-ാം ഫോറത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ പ്രത്യേക കവറില്‍ വരണാധികാരികള്‍ക്ക് അയച്ച് കൊടുക്കണം. ശാരീരിക അവശതയുള്ളവരെ ക്യൂവില്‍ നിര്‍ത്താതെ പോളിംഗ് സ്റ്റേഷനുകളിലേക്ക് പ്രവേശിപ്പിക്കും.
ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, 70 വയസ്സിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. ഇതിനായി പോളിംഗ് ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ സൗകര്യം ഒരുക്കണം. ഇത്തരത്തിലുള്ള വോട്ടര്‍മാര്‍ക്ക് വിശ്രമം ആവശ്യമെങ്കില്‍ കസേരയോ, ബെഞ്ചോ പോളിംഗ് സ്റ്റേഷനില്‍ സജ്ജമാക്കിയിരിക്കണം. ഇവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.












Click it and Unblock the Notifications