ഇടുക്കിയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു, അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നു
തൊടുപുഴ: പരിസ്ഥിതിലോല മേഖല പ്രശ്‌നത്തില്‍ ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ ആറ് വരെ ഹര്‍ത്താല്‍. അതിര്‍ത്തിയില്‍ വാഹനങ്ങളൊക്കെ തടയുന്നുണ്ട്. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം യുഡിഎഫും ഇടുക്കിയില്‍ പതിനാറിന് ഹര്‍ത്താല്‍ നടത്തുന്നുണ്ട്. ഇതേ ആവശ്യം തന്നെയാണ് അവരും ഉന്നയിച്ചിരിക്കുന്നത്. സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം പരിസ്ഥിതി ലോല മേഖലയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിധിയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നു.

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നുമാണ് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടത്ത. ഈ മേഖലയിലെ കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധി ഏറ്റവും ഗുരുതരമായി ബാധിക്കുന്ന കേരളത്തിലെ ജില്ലകളിലൊന്നാണ് ഇടുക്കി. നിരവധി വനസങ്കേതങ്ങളും വനമേഖലകളുമുള്ള ഇടുക്കിയില്‍ പരിസ്ഥിതി ലോല ഖേലയോട് ചേര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണവും നിരോധനവും കൊണ്ട് വന്നാല്‍ അത് നിരവധി കുടുംബങ്ങളെ ബാധിക്കും.
അതേസമയം പരിസ്ഥിതി ലോലപ്രദേശം നിര്‍ണയിക്കുമ്പോള്‍ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും കടുവാസങ്കേതങ്ങളും അടക്കം 23 പ്രത്യേക വനമേഖലകള്‍ക്ക് ചുറ്റും ഇളവ് വേണമെന്ന് സംസ്ഥാന ആവശ്യപ്പെട്ടിട്ടുണ്ട്. 24 വനമേഖലകളാണ് സംസ്ഥാനത്ത് ഈ ഗണത്തിലുള്ളത്. ഇവയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം. പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കുമ്പോള്‍ ജനവാസ മേഖലകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ എംപവേഡ് കമ്മിറ്റിയോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അതേസമയം മതികെട്ടാന്‍ ചോലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കുന്നതില്‍ സംസ്ഥാനത്തിന് എതിര്‍പ്പില്ല.
മതികെട്ടാന്‍ ചോല ജനവാസ മേഖല അല്ല. 23 വനമേഖലയിലാണ് സംസ്ഥാനത്തിന് ഇളവ് വേണ്ടത്. ജനവാസ മേഖകളും കൃഷിയിടങ്ങളുമുള്ള മേഖലയാണിത്. ചെറുപട്ടണങ്ങളോ വലിയ ജനവാസ മേഖലകളോ പതിനാറിടത്തെങ്കിലും ഉണ്ട. ഒരു കിലോമീറ്റര്‍ എന്നതിന് പകരം പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ പരിസ്ഥിതി ലോലപ്രദേശമായിരിക്കണമെന്ന രീതിയില്‍ ഇളവ് വന്നാലെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമാകൂ എന്നാണ് സംസ്ഥാന നിലപാട്.












Click it and Unblock the Notifications