കെഎസ്ആര്‍ടിസി ഓടുന്നുണ്ടോ!! ഓപ്പറേറ്റിംങ്ങ് സെന്ററില്ലാതെ അടിമാലിയില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ്
അടിമാലി: ഇടുക്കിയിലെ പ്രധാന ടൗണുകളില്‍ ഒന്നായിരുന്നിട്ടും അടിമാലിയില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംങ്ങ് സെന്ററോ അന്വേഷണ കൗണ്ടറോ ഇല്ലാത്തത് പ്രതിഷേധത്തിനിടവരുത്തുന്നു.അടിമാലി വഴി കടന്നു പോകുന്ന ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളുടെ സമയക്രമം പോലും തിരക്കാന്‍ ടൗണില്‍ ഇടമില്ലാത്തതാണ് യാത്രക്കാരെ വലക്കുന്നത്. ഇത് സംബന്ധിച്ച് നിരന്തരം ആവശ്യം മുമ്പോട്ട് വച്ചിട്ടും ബന്ധപ്പെട്ടവര്‍ മുഖംതിരിക്കുകയാണെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു.
വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിന്റെ പ്രവേശന കവാടം കൂടിയായിട്ടും അടിമാലിയില്‍ കെഎസ്ആര്‍ടിസി യാത്രക്കിടയില്‍ അന്വേഷണത്തിന് ഉതകുന്ന യാതൊരുവിധ സൗകര്യങ്ങളുമില്ല.അടിമാലിയില്‍ എത്തുന്ന കെഎസ്ആര്‍ടിസി ബസുകളുടെ സമയക്രമീകരണത്തിനായി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഒരുദ്യോഗസ്ഥനെ നിയമിച്ചിട്ടുള്ളത് മാത്രമാണ് അടിമാലിക്കായി കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുള്ള ഏക സൗകര്യം.

ദിവസവും ആയിരക്കണക്കിനാളുകള്‍ വന്ന് പോകുന്ന ടൗണില്‍ ഒരന്വേഷണ കൗണ്ടറെങ്കിലും സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.ദിവസവും 150ന് മുകളില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ അടിമാലി വഴി കടന്ന് പോകുന്നുണ്ട്.ബസുകളുടെ എണ്ണം വര്‍ധിച്ചതോടെ ഇപ്പോഴത്തെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നു.സമയക്രമം സംബന്ധിച്ച് കെഎസ്ആര്‍ടിസി ബസ് ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നതും നിത്യ സംഭവം തന്നെ.അടിമാലിയുടെ ഗ്രാമീണ മേഖലകളിലേക്കടക്കം കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും ബസുകള്‍ ഉണ്ടോ ഇല്ലയോ എന്നറിയാന്‍ പോലുമുള്ള സംവിധാനമില്ലാത്തതാണ് വ്യാപക പരാതിക്ക് ഇടവരുത്തിയിട്ടുള്ളത്.












Click it and Unblock the Notifications