പെന്‍ഷന്‍ മുടങ്ങിയതില്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച 90കാരിക്ക് സഹായവുമായി കോണ്‍ഗ്രസും ബിജെപിയും
ഇടുക്കി: വണ്ടിപ്പെരിയാറില്‍ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് നടുറോഡില്‍ കസേരയിലിരുന്ന് പ്രതിഷേധിച്ച 90 കാരി പൊന്നമ്മക്ക് സഹായ വാഗ്ദാനവുമായി കോണ്‍ഗ്രസും ബി ജെ പിയും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കോണ്‍ഗ്രസിനായി പൊന്നമ്മക്കുള്ള സഹായം വാഗ്ദാനം ചെയ്തത്. സതീശന്‍ പൊന്നമ്മയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് സഹായം ഉറപ്പ് നല്‍കിയത്.
പൊന്നമ്മയുടെ സംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് സതീശന്‍ പറഞ്ഞു. ഇതിന് പിന്നാലെ ഡി സി സിയുടെ നേതൃത്വത്തില്‍ ഒരു മാസത്തെ പെന്‍ഷന്‍ തുകയും വീട്ടാവശ്യത്തിനുള്ള അരിയും പലവ്യഞ്ജനങ്ങളും പൊന്നമ്മക്ക് എത്തിച്ച് നല്‍കി. പൊന്നമ്മക്ക് പെന്‍ഷന്‍ കിട്ടുന്നത് വരെ സഹായം നല്‍കുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് സി സന്തോഷ് കുമാറും അറിയിച്ചു.

മട്ടാഞ്ചേരിയിലെ ജീവകാരുണ്യ പ്രവര്‍ത്തകനായ മുകേഷ് ജൈനും പൊന്നമ്മയെ സഹായിക്കാന്‍ രംഗത്തെത്തി. പൊന്നമ്മയെ സന്ദര്‍ശിച്ച് വസ്ത്രം, മരുന്ന് ഭക്ഷണ സാധനങ്ങള്‍ എന്നിവ കൈമാറിയ മുകേഷ് ജൈന്‍ കഴിഞ്ഞ മൂന്ന് മാസമായി പൊന്നമ്മയ്ക്ക് ആഹാരം നല്‍കി വരുന്ന സമീപത്തെ ഹോട്ടലിലെ പണവും നല്‍കി. വരും ദിവസങ്ങളിലെ ഭക്ഷണത്തിനുള്ള പണവും മുകേഷ് കൈമാറിയിട്ടുണ്ട്.
ഇടുക്കി വണ്ടിപ്പെരിയാര്‍ കറുപ്പ് പാലത്ത് ബുധനാഴ്ച രാവിലെയാണ് പൊന്നമ്മ പ്രതിഷേധവുമായി എത്തിയത്. ഒന്നര മണിക്കൂറോളം പൊന്നമ്മ റോഡിലിരുന്ന് പ്രതിഷേധിച്ചതോടെ ഈ സമയം ഇതുവഴി വന്ന വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. സ്വകാര്യ ബസും അല്‍പനേരത്തേക്ക് ഗതാഗത തടസത്തില്‍പ്പെട്ടു. പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്നം പരിഹരിക്കാതെ റോഡില്‍ നിന്നു മാറില്ലെന്നുമായിരുന്നു പൊന്നമ്മയും മകന്‍ മായനും പറഞ്ഞത്.
പിന്നീട് സ്ഥലത്തെത്തിയ വണ്ടിപ്പെരിയാര്‍ പൊലീസ് ഇരുവരേയും അനുനയിപ്പിച്ച് വീട്ടിലേക്ക് മാറ്റുകയായിരുന്നു. ഒറ്റമുറി വീട്ടിലാണ് മകനൊപ്പം പൊന്നമ്മ കഴിയുന്നത്. അഞ്ച് മാസം പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിക്കാന്‍ വഴിയില്ലാതായി എന്ന് പൊന്നമ്മ പറഞ്ഞു. അതേസമയം പെന്‍ഷന്‍ മുടങ്ങിയത് പണം ഇല്ലാത്തതിനാലാണ് എന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അമ്മച്ചി റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്തത് റിപ്പോര്‍ട്ട് ചെയ്തിട്ട് കാര്യമില്ല കൊടുക്കാന്‍ പണം വേണ്ടേ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.
'കേന്ദ്രത്തില്‍ നിന്ന് പണം കിട്ടിയില്ലെങ്കില്‍ പദ്ധതികള്‍ നടക്കുമോ? അറുപതിനായിരം കോടി രൂപ ഈ വര്‍ഷം കേന്ദ്രം തന്നിട്ടില്ല. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞ കാര്യം പൂര്‍ണമായി ശരിയല്ല. കേരളത്തിന് കിട്ടേണ്ട വിഹിതം ന്യായമായും കിട്ടണം,' സജി ചെറിയാന്‍ പറഞ്ഞു.












Click it and Unblock the Notifications