കുറച്ചുകൂടി കാത്തിരിക്കും, ഇല്ലെങ്കില്‍...; ബിജെപി പ്രവേശനം തള്ളാതെ രാജേന്ദ്രന്‍
മൂന്നാര്‍: ബി ജെ പി പ്രവേശനത്തില്‍ നിന്ന് പൂര്‍ണമായി പിന്മാറിയിട്ടില്ലെന്ന സൂചന നല്‍കി ദേവികുളം മുന്‍ എം എല്‍ എയും സി പി എം നേതാവുമായ എസ് രാജേന്ദ്രന്‍. സംഘടനാപ്രവര്‍ത്തനത്തിന് പാര്‍ട്ടി അനുവദിക്കുന്നില്ലെന്നും എങ്കിലും താന്‍ പേരിന് സി പി എമ്മില്‍ ഉണ്ട് എന്ന് പറയാമെന്നും രാജേന്ദ്രന്‍ പറഞ്ഞു. സി പി എം അംഗത്വം എടുക്കാന്‍ സാധിച്ചിട്ടില്ല എന്നും അതിന് ചിലയാളുകളാണ് തടസം നില്‍ക്കുന്നത് എന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
'വിട്ടുവീഴ്ചയ്ക്ക് തയ്യാറായത് കൊണ്ടാണ് പാര്‍ട്ടിയെ കുറ്റം പറയാതെ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നത്. എന്നാല്‍ അത് പാര്‍ട്ടി തിരിച്ചറിയുന്നില്ല. സൗകര്യമുണ്ടെങ്കില്‍ നിന്നാല്‍ മതിയെന്ന് നിലപാട് സ്വീകരിച്ചാല്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. വ്യക്തികള്‍ തമ്മിലുള്ള മത്സരത്തില്‍ തോല്‍ക്കാന്‍ ആരും ആഗ്രഹിക്കില്ല. പാര്‍ട്ടിയോട് എത്ര തവണ വേണമെങ്കിലും തോല്‍ക്കുകയും ക്ഷമ ചോദിക്കയുമാകാം,' രാജേന്ദ്രന്‍ പറഞ്ഞു.

തോറ്റ് കൊടുക്കാമെന്നും കുറച്ചുനാള്‍ കാത്തിരിക്കും എന്നും അദ്ദേഹം പറഞ്ഞു. കാത്തിരിപ്പിന് ശേഷം തീരുമാനമെടുക്കും എന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ബി ജെ പിയോ മറ്റേതെങ്കിലും പാര്‍ട്ടിയോ എന്നത് സാഹചര്യത്തിന് അനുസരിച്ച് തീരുമാനിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും തിരഞ്ഞെടുപ്പില്‍ നിന്ന് മനപ്പൂര്‍വ്വം മാറ്റിനിര്‍ത്തി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വേണ്ട പ്രാധാന്യം നല്‍കിയില്ല. ഞാന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന്റെ ഗുണം പാര്‍ട്ടിക്ക് കിട്ടിയിട്ടുണ്ട്. രാജേന്ദ്രന്‍ വരണമെന്ന് പാര്‍ട്ടി പറയുമ്പോഴും ചില പ്രാദേശിക നേതാക്കള്‍ രാജേന്ദ്രന്‍ വരേണ്ടതില്ല എന്ന് തീരുമാനിക്കുന്നു,' അദ്ദേഹം പറഞ്ഞു. തന്റെ കാല്‍ച്ചുവട്ടില്‍ നിന്ന് ഒന്നും ഒലിച്ചു പോയിട്ടില്ല എന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എടുത്ത നടപടി തിരുത്താന്‍ പാര്‍ട്ടി തയ്യാറാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
താന്‍ അപമാനിക്കപ്പെട്ടത് അത് പോലെ തന്നെ നില്‍ക്കുകയാണ് എന്നും തിരുത്താന്‍ പാര്‍ട്ടി തയ്യാറാകാത്തപ്പോള്‍ അത് പാര്‍ട്ടിയായി കാണാന്‍ കഴിയില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. സി പി എമ്മിനോട് പ്രശ്‌നങ്ങളുണ്ടെങ്കിലും ബി ജെ പിയിലേക്ക് പോകില്ല എന്നായിരുന്നു രാജേന്ദ്രന്‍ തിരഞ്ഞെടുപ്പിന് മുന്‍പ് വരെ പറഞ്ഞത്. അതേസമയം ബി ജെ പിയിലേക്ക് ക്ഷണമുണ്ടെന്നും രാജേന്ദ്രന്‍ പറഞ്ഞിരുന്നു.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജേന്ദ്രനെ സി പി എം സസ്‌പെന്റ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും അദ്ദേഹത്തെ സി പി എം തിരിച്ചെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ബി ജെ പി അദ്ദേഹത്തിനായി ചരടുവലി തുടങ്ങിയത്.












Click it and Unblock the Notifications