ലോക്ക് ഡൗണ്‍ ലംഘിച്ച് ദേവികുളം സബ്കളക്ടറുടെ പിറന്നാളാഘോഷം, കളക്ടര്‍ വിശദീകരണം തേടി
മൂന്നാര്‍: കൊവിഡ് ലോക്ക് ഡൗണിനിടെ മൂന്നാറില്‍ ദേവികുളം സബ്കളക്ടറുടെ പിറന്നാളാഘോഷവും അനുമോദന യോഗവും നടത്തിയെന്ന ആരോപണത്തില്‍ ജില്ലാ കളക്ടര്‍ വിശദീകരണം തേടി. വെള്ളിയാഴ്ച വൈകീട്ട് മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലായിരുന്നു ആഘോഷം. സംഭവത്തില്‍ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.

ലോക്ക് ഡൗണ്‍ കാലത്ത് തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയ വോളന്റീയര്‍മാരെ അനുമോദിക്കുന്ന ചടങ്ങാണ് നടന്നത്. മുന്നാല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേൃത്വത്തിലായിരുന്നു പരിപാടി. ഇതോടൊപ്പം സബ്കളക്ടര്‍ പ്രേം കൃഷ്ണന്റെ പിറന്നാള്‍ ആഘോഷവും നടത്തുകയും കേക്ക് മുറിക്കുകയും ചെയ്തുവെന്നും ആരോപണം ഉയരുന്നുണ്ട്. യോഗത്തില്‍ 35ല്‍ കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്തെന്നാണ് കരുതുന്നത്.
സംഭവത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേഷ് സബ്കളക്ടറോട് വിശദീകരണം തേടി. എന്നാല്‍ ആഘോഷങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്നും തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയവരെ അനുമോദിക്കുക മാത്രമാണ് ചെയ്തതെന്ന് സബ്കളക്ടര്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും മാസ്‌ക് ധരിച്ചെന്നും സബ്കളക്ടര്‍ വ്യക്തമാക്കി.












Click it and Unblock the Notifications