കോടതിയുടെ നിരീക്ഷണത്തിലുള്ള കാര്യം, കയ്യേറ്റ നടപടികൾ നിർത്തുമെന്ന് പറഞ്ഞിട്ടില്ല ; ഇടുക്കി ജില്ലാ കളക്ടർ
ഇടുക്കി : മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തിവെയ്ക്കുമെന്ന സി പി ഐ (എം) ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ വാദത്തെ തള്ളി ജില്ലാ കളക്ടർ. കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തിവെക്കുമെന്ന ഉറപ്പ് നൽകിയിട്ടില്ലെന്നും ദൗത്യം തുടരുമെന്നുമാണ് ജില്ലാ കളക്ടർ ഷീബ ജോർജ് പ്രതികരിച്ചത്. ജില്ലാ കളക്ടർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഉൾപ്പെട്ട കയ്യേറ്റ സ്ഥലം ഇന്ന് പുലർച്ചെയാണ് ഒഴിപ്പിക്കൻ ആരംഭിച്ചത്. ചിന്നക്കനാൽ പഞ്ചായത്തിൽ ആനയിറങ്കൽ ഡാമിനോട് ചേർന്നുള്ള അഞ്ചേക്കർ 55 സെന്റ് ഏല തോട്ടമാണ് ദൗത്യസംഘം ഒഴിപ്പിച്ചത്. ഇവിടെ സർക്കാർ വക ഭൂമിയെന്ന ബോർഡും സ്ഥാപിച്ചു.
കോടതി നിർദ്ദേശ പ്രകാരമുള്ള ഒറ്റപ്പെട്ട സംഭവമായിട്ടാണ് ഇത് കണക്കാക്കുന്നതെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി സി വി വർഗീസ് പ്രതികരിച്ചു. ഒഴിപ്പിക്കൽ നടപടിയിലേക്ക് കടക്കുന്നതിന് മുമ്പ് കൃത്യമായ കൂടിയാലോചനകൾ അവശ്യമാണെന്നാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് ജില്ലാ കളക്ടറുമായി സംസാരിച്ചിട്ടുണ്ടെന്നും ചിന്നക്കനാലിൽ മറ്റൊരിടത്തും നടപടികളിലേക്ക് കടക്കില്ലെന്നും ഒഴിപ്പിക്കൽ നിർത്തുമെന്ന് കളക്ടർ ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടിചേർത്തിരുന്നു.

ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ദൗത്യം നിർത്തും എന്ന് ഉറപ്പ് നൽകിയിട്ടില്ലെന്ന പ്രതികരണവുമായി ഇടുക്കി ജില്ലാ കളക്ടർ രംഗത്തുവന്നത്. കോടതി നിരീക്ഷണത്തിലുള്ള കാര്യമാണ് ഒഴിപ്പിക്കലെന്നും അതുകൊണ്ട് തന്നെ തനിക്ക് ഉറപ്പു നൽകാൻ സാധിക്കില്ലെന്നുമാണ് കളക്ടർ പറഞ്ഞത്.
എന്നാൽ കുടിയേറ്റക്കാരെ കയ്യേറ്റക്കാർ എന്നു വിളിക്കരുതെന്നും ഇത്തരക്കാരെ ഒഴിപ്പിക്കുന്ന നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്നുമാണ് സി പി ഐ (എം) നേതാവും എം എൽ എ യുമായ എം എം മണി പ്രതികരിച്ചത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിനു മുൻപ് റദ്ദാക്കിയ പട്ടയങ്ങൾ കൊടുക്കാൻ തയാറാകണമെന്നും ന്യായമായ ഭൂമിയും കൃഷിയും നടത്തുന്നവരെ ഒഴിപ്പിക്കരുതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.
രാജഭരണകാലത്ത് കർഷകർക്കും ബ്രിട്ടീഷുകാർക്കും കുറേ ഭൂമി നൽകിയിരുന്നു. പീരുമേട് താലൂക്കിലെ മുഴുവൻ ഭൂമിയും രാജ ഭരണകാലത്ത് കൊടുത്തിരുന്നതാണ്. ഈ സ്ഥലങ്ങൾ കേരളത്തിന്റെ ഭാഗമാക്കാൻ പണ്ട് കുടിയേറ്റം പ്രോത്സാഹിപ്പിച്ചിരുന്നു. 2023ൽ ഇവരെല്ലാം കയ്യേറിയതാണെന്നു പറഞ്ഞാൽ ശുദ്ധ അസംബന്ധമാണെന്നാണ് തന്റെ അഭിപ്രായമെന്നും എം എം മണി പറഞ്ഞിരുന്നു. ചിന്നക്കനാൽ മേഖലയിൽ കൈയേറ്റങ്ങൾ ഒഴിയാൻ നോട്ടീസ് കിട്ടിയവർ അവരുടെ ഭൂമി നിയമപരമെങ്കിൽ കോടതിയിൽ പോകണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.












Click it and Unblock the Notifications