കപ്പ കിട്ടാക്കനി!!! ഹൈറേഞ്ചില്‍ മുമ്പെങ്ങുമില്ലാത്ത ക്ഷാമം...!!!
തൊടുപുഴ: ജില്ലയില്‍ കപ്പ കിട്ടാക്കനി.മുന്‍വര്‍ഷങ്ങളില്‍ എങ്ങും ഇല്ലാത്ത വിധമുള്ള ക്ഷാമമാണ് പച്ചകപ്പക്കും ഉണക്കുകപ്പക്കും ഹൈറേഞ്ചിന്റെ വിപണിയില്‍ നേരിടുന്നത്. കാട്ടുപന്നി ആക്രമണം രൂക്ഷമായതോടെ മാങ്കുളം ഉള്‍പ്പെടുന്ന മേഖലയില്‍ നിന്നും കര്‍ഷകര്‍ കപ്പകൃഷിയില്‍ നിന്ന് പിന്തിരിഞ്ഞതും പോയ വര്‍ഷങ്ങളില്‍ കപ്പക്കുണ്ടായ വിലയിടിവ് മൂലം കര്‍ഷകര്‍ ഇത്തവണ കാര്യമായി കൃഷിയിറക്കാതിരുന്നതും കപ്പയുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു.
മാസങ്ങള്‍ക്ക് മുമ്പ് പെയ്ത കനത്തമഴയില്‍ കപ്പ വ്യാപകമായി നശിച്ചതും കപ്പകിട്ടാക്കനിയാകാനുള്ള കാരണങ്ങളില്‍ ഒന്നാണ്.വിലയുള്ളപ്പോള്‍ ഉണ്ടായിട്ടുള്ള ഉത്പാദനക്കുറവ് കര്‍ഷകര്‍ക്ക് വലിയ നിരാശ നല്‍കുന്നുണ്ട്.പച്ചകപ്പ കിലോക്ക് 35 രൂപയും ഉണക്കു കപ്പക്ക് 65 രൂപയുമാണ് ഇപ്പോഴത്തെ വിപണി വില. മാങ്കുളം, അടിമാലി, മൂവാറ്റുപുഴ, അറക്കുളം,ചാലക്കുടി ഭാഗങ്ങളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പച്ചകപ്പ എത്തുന്നത്.

ഹൈറേഞ്ചിലെ കപ്പയുടെ ഉത്പാദനക്കുറവ് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള കപ്പവിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള ഇടനിലക്കാരുടെ ചൂഷണവും കര്‍ഷകരെ കപ്പകൃഷിയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കാരണമായിട്ടുണ്ട്.പച്ചകപ്പക്കും ഉണക്കുകപ്പക്കും പുറമേ വെള്ള് കപ്പക്കും വിപണിയില്‍ ക്ഷാമം നേരിടുകയാണ്.












Click it and Unblock the Notifications